തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസ്; മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തു വിട്ടു
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തു വിട്ടു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
ഇവര്‍ ഇപ്പോള്‍ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കള്ളക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സരിത്തിനെ കൂടാതെ സ്വപ്ന ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.
അതേ സമയം സ്വര്‍ണ്ണക്കടത്തില്‍ ആരോപണങ്ങളെല്ലാം യുഎഇ കോണ്‍സുലേറ്റ് നിഷേധിച്ചു. ദുബായില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ മാത്രമാണ് എത്തിക്കാനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.
No comments
Post a Comment