Header Ads

  • Breaking News

    ചെറുതാഴം- മാടായി- കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന 129 കോടിയുടെ സമഗ്ര പദ്ധതിക്ക് സർക്കാർ അംഗീകാരം




    കല്ല്യാശേരി മണ്ഡലത്തിൽ  ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടാത്ത ചെറുതാഴം- മാടായി- കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കുടിവള്ളം എത്തിക്കുന്നതിന് 129 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി. ജലജീവൻ മിഷൻ പദ്ധതി ,  കിഫ്ബി എന്നീവ  മുഖേനയാണ്  പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്  പയ്യന്നൂർ താലൂക്ക് ഓഫീസിൽ ടി വി രാജേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ  യോഗം ചേർന്നു.

    ചെറുതാഴം ഗ്രാമപഞ്ചായത്തിൽ  കുടിവെള്ളം എത്തിക്കുന്നതിന് ശ്രീസ്ഥ യിൽ എട്ടര ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെയും, പടിക്കപ്പാറയിൽ   നാലര ലക്ഷം ലിറ്റർ  ടാങ്കിന്റെയും , കുഞ്ഞിമംഗലം പഞ്ചായത്തിലേക്ക് പയ്യന്നൂർ കോളേജ് സമീപത്ത് നിർമ്മിക്കുന്ന എട്ടര ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന്റെയും പ്രവർത്തികൾ പൂർത്തിയായി വരുന്നു. പ്രസ്തുത പദ്ധതിക്ക് 57 കോടി രൂപയാണ്  കിഫ്‌ബി മുഖേന അനുവദിച്ചത്. ജപ്പാൻ കുടി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുറുമാത്തൂർ കൂനം ടാങ്കിന്റെ മെയിൻ പൈപ്പ് ലൈനിൽ നിന്നും   വെള്ളം എത്തിക്കുന്ന പ്രവൃത്തി 70 % പൂർത്തിയായി.

    ചെറുതാഴം , മാടായി , കുഞ്ഞിമംഗലം  എന്നീ ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന്  72.12 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതിക്കാണ് ഭരണാനുമതിയായത്.   മാടായി പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി പുതിയതായി ഗാർഹിക കുടിവെള്ള കണക്ഷൻ സ്ഥാപിക്കുന്നതിന് 63 കി മി പൈപ്പ് ലൈൻ സ്ഥാപിക്കും. ഇതിനായി 21 .92 കോടി രൂപയാണ് അനുവദിച്ചത്. ചെറുതാഴം പഞ്ചായത്തിൽ 173 കി.മി പൈപ്പ് ലൈൻ പുതിയതായി സ്ഥാപിക്കുന്നതിന് 31.20 കോടിയും, കുഞ്ഞിമംഗലം പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്ഷൻ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുമാണ് ഭരണാനുമതി ലഭിച്ചത്. പ്രസ്തുത പദ്ധതി സാങ്കേതികാനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചിരിക്കുകയാണെന്നും , സെപ്തമ്പറിൽ ടെണ്ടർ നടപടി പൂർത്തികരിച്ച്  പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്നും  ജലവിഭവ വകുപ്പ് എക്സിഎഞ്ചിനിയർ  ഡി കെ  രമേഷ് ബാബു യോഗത്തെ അറിയിച്ചു.
    പ്രസ്തുത പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പു വരുത്താൻ എം എൽ എ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സെപ്തംബർ ആദ്യവാരം പഞ്ചായത്ത് അടിസ്ഥാനത്തിൽ യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

    ചെറുതാഴം - മാടായി -കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും പദ്ധതി  പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തുമെന്ന് ടി വി രാജേഷ് എം എൽ എ പറഞ്ഞു.

    യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം കുഞ്ഞിരാമൻ (കുഞ്ഞിമംഗലം), പി പ്രഭാവതി ( ചെറുതാഴം) എ  സുഹറാബി (മാടായി), വാട്ടർതോറിറ്റി അസി എക്സിക്യൂട്ടീവ് എഞ്ചിനിയർ റിജു വണ്ണാലത്ത്, അസിസ്റ്റന്റ് എഞ്ചിനിയർ കെ അശ്വിൻ ദേവ്, പഞ്ചായത്ത് സെക്രട്ടറി ഷംസുദ്ദീൻ കെ ബി (മാടായി), ബിന്ദു.പി.എം (കുഞ്ഞിമംഗലം) അസി സെക്രട്ടറി ദിലീപ് പുത്തലത്ത് (ചെറുതാഴം) എന്നിവരും പങ്കെടുത്തു .

    No comments

    Post Top Ad

    Post Bottom Ad