Header Ads

  • Breaking News

    വീട്ടില്‍ വച്ച് ഐസ്‌ക്രീം ഉണ്ടാക്കി കഴിച്ചു ; 16 കാരി മരിച്ചു, സഹോദരനും മാതാപിതാക്കളും ആശുപത്രിയില്‍, പിതാവിന്റെ നില അതീവഗുരുതരം

    കാസര്‍കോട്: വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീം കഴിച്ച പെണ്‍കുട്ടി മരിച്ചു. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി (16) ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ഐസ്‌ക്രീമില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്നാണ് സംശയം. കുട്ടിയുടെ സഹോദരനും മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ നില അതീവഗുരുതരമായി തുടരുന്നു.

    മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍ മേരി മരണപ്പെട്ടതെന്നായിരുന്നു ആദ്യവിവരം. അതിനിടെ ആന്‍ മേരിയുടെ മരണശേഷം കുട്ടിക്ക് കോവിഡ് പോസിറ്റിവ് ആണോ എന്ന് സംശയത്തേ തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. മകള്‍ മരിച്ചതിനു പിന്നാലെ ബെന്നിയെ (48) ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനം നിലക്കാവുന്ന ഘട്ടത്തിലാണ്. ഭാര്യ ബെസിയും മകന്‍ ആല്‍ബിനും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപതി അധികൃതര്‍ പറഞ്ഞു.

    നാലുദിവസം മുമ്പ് ബെന്നിയുടെ വീട്ടില്‍ വെള്ളരിക്കുണ്ടിലെ ഒരു ബേക്കറിയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഐസ്‌ക്രീം ഉണ്ടാക്കിയതായാണ് വിവരം. ഐസ്‌ക്രീം ഉണ്ടാക്കിയ അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. അന്ന് തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. എന്നാല്‍ അന്ന് ബാക്കി വന്ന ഐസ്‌ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. സഹോദരന്‍ ആല്‍ബിനും മാതാവ് ബെസിയും രണ്ടു ദിവസം കഴിഞ്ഞാണ് കഴിച്ചത്.

    മഞ്ഞപ്പിത്തമെന്ന സംശയത്തെ തുടര്‍ന്ന് ആന്‍ മേരിയ്ക്ക് പച്ചമരുന്ന് ചികില്‍സയും നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ചാണ് കുട്ടി മരണപ്പെട്ടത്. ബെന്നിയുടെയും മരിച്ച ആന്‍ മേരിയുടെയും രക്ത സാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ഐസ്‌ക്രീമില്‍ എങ്ങനെ എലി വിഷത്തിന്റെ അംശം കണ്ടെത്തി എന്നത് പോലീസ് അന്വേഷിച്ചു വരുകയാണ്. ഭക്ഷ്യ വിഷബാധയാണെന്ന് അറിഞ്ഞ പോലീസ് ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സമാഗ്രഹികളും വീട്ടില്‍ നിന്നും കണ്ടെടുക്കുകയും വെള്ളരിക്കുണ്ടിലെ ബേക്കറി യൂണിറ്റില്‍ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് സി.ഐ കെ പ്രേംസദന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad