സ്രവപരിശോധനയ്‌ക്കുള്ള യന്ത്രം ഇറക്കാൻ സി.ഐ.ടി.യു ചോദിച്ചത് 16,000 രൂപ; ആരോഗ്യപ്രവർത്തകർ ഇറക്കി
തുറവൂർ ആശുപത്രിയിലെത്തിച്ച സ്രവപരിശോധനാ ഉപകരണം ഡോക്ടറും ജീവനക്കാരുംചേർന്ന് ലോറിയിൽനിന്ന് ഇറക്കുന്നു
തുറവൂർ (ആലപ്പുഴ):കോവിഡ് സ്രവപരിശോധനാ ഉപകരണങ്ങൾ (ബയോസേഫ്റ്റി കാബിൻ) ലോറിയിൽനിന്ന് ഇറക്കാൻ ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടത് 16,000 രൂപ. ഇതേത്തുടർന്ന് ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെയുള്ള ജീവനക്കാർചേർന്ന് ഉപകരണം താഴെയിറക്കി. തൊഴിലാളികൾ ഇതുതടസ്സപ്പെടുത്തിയില്ല.
സി.ഐ.ടി.യു. തുറവൂർ യൂണിറ്റിലെ തൊഴിലാളികളാണ് വ്യാഴാഴ്ചരാവിലെ തുറവൂർ ഗവ.ആശുപത്രിയിൽ കൊണ്ടുവന്ന യന്ത്രങ്ങൾ ഇറക്കാൻ വൻതുക കൂലി ആവശ്യപ്പെട്ടത്. ആശുപത്രിയിൽ സ്ഥാപിക്കുന്ന ട്രൂനാറ്റ് ലാബിലേക്കുള്ള ഒന്നരലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇറക്കാനാണ് ഈ തുക ആവശ്യപ്പെട്ടത്.
225 കിലോ ഭാരമുള്ളതാണ് ഉപകരണം. 9,000 രൂപവരെ നൽകാമെന്നുപറഞ്ഞിട്ടും തൊഴിലാളികൾ തയ്യാറായില്ല. എന്തുചെയ്യണമെന്നറിയാതെ ജീവനക്കാർ വിഷമിച്ചുനിന്നപ്പോഴാണ് മെഡിക്കൽ ഓഫീസർ ആർ. റൂബി എത്തിയത്. കൂട്ടായ ആലോചനയ്ക്കൊടുവിൽ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഉപകരണമിറക്കാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു. ലോറിയിൽനിന്നിറക്കിയ ഉപകരണം മുകളിലത്തെനിലയിൽ കൊണ്ടുചെന്നുവെക്കുകയും ചെയ്‌തു. ഉപകരണം മുകളിലത്തെനിലയിൽ എത്തിക്കാൻ ക്രെയിൻ വേണമെന്നും അതിന്റെ വാടകയുൾപ്പെടെയാണ് 16,000 രൂപ ചോദിച്ചതെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്. എത്ര തരാൻ കഴിയുമെന്നതുൾപ്പെടെ ഒരുമറുപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് അവരുടെ ആരോപണം.
50 ലക്ഷം രൂപ മുടക്കി സ്ഥാപിക്കുന്ന കോവിഡ് സ്രവ പരിശോധനാ ലാബ് ഒരുനാടിന്റെ ആവശ്യമാണെന്നും തൊഴിലാളികൾ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നുവെന്നും മെഡിക്കൽ ഓഫീസർ ആർ.റൂബി പറഞ്ഞു
No comments
Post a Comment