Header Ads

  • Breaking News

    കണ്ണൂർ ജില്ലയില്‍ മഴക്കെടുതി ; 1700ഓളംകുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ആറ് വീടുകള്‍പൂര്‍ണമായി തകര്‍ന്നു, നാല് പേര്‍ക്ക് പരിക്ക്


    കണ്ണൂർ:

     ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്  1700 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. 688 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കൂടുതല്‍ മഴക്കെടുതി ബാധിത മേഖലകളായ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ചെങ്ങളായി മാപ്പിള സ്‌കൂളില്‍  ആരംഭിച്ച ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളിലെ 24 പേരാണുള്ളത്. ഇരിക്കൂര്‍ പട്ടുവം ഇസ്ലാഹി സ്‌കൂളിലെ ക്യാമ്പിലേക്ക്  ഒരു കുടുംബത്തിലെ ഒമ്പത് പേരെയാണ് മാറ്റിയിട്ടുള്ളത്. പയ്യന്നൂര്‍ താലൂക്കിലും മൂന്ന് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 

    വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും  കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു. 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 


    കണ്ണൂര്‍ താലൂക്കില്‍ 134 കുടുംബങ്ങളില്‍ നിന്നായി 335 ആള്‍ക്കാരെ മാറ്റി താമസിപ്പിച്ചു. എളയാവൂര്‍, പുഴാതി, പാപ്പിനിശ്ശേരി, കണ്ണൂര്‍ 1,  കണ്ണൂര്‍ 2,  ചെറുകുന്ന്, നാറാത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് ആളുകളെ ബന്ധു വീടുകളിലേക്ക് മാറ്റിയത്.

    കക്കാട്പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ പുഴാതി വില്ലേജിലെ രണ്ട് വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ചേലോറ വില്ലേജിലെ 26 വീടുകളും എളയാവൂര്‍ വില്ലേജിലെ 50 വീടുകളിലുമുള്ളവരെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 


    ഇരിട്ടി താലൂക്കിലെ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കേളകം, കോളാരി വില്ലേജിലെ വീടുകളാണ് തകര്‍ന്നത്. ഈ വീടുകളിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റി. 13 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി താലൂക്കിലെ 88 കുടുംബങ്ങളിലെ 251 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  നുച്യാട്,  വയറ്റൂര്‍, കോളാരി, ചാവശ്ശേരി, പടിയൂര്‍,  കീഴൂര്‍,  അയ്യങ്കുന്ന് വില്ലേജുകളിലെ കുടുംബങ്ങളാണ് സുരക്ഷിത ഇടങ്ങളിലേക്ക് മാറിയത്. 

    തളിപ്പറമ്പ് താലൂക്കില്‍ 709 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 12 വീടുകള്‍ ഭാഗികമായും പന്നിയൂര്‍ വില്ലേജിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുറുമാത്തൂര്‍ വില്ലേജില്‍ നിന്നുള്ള 100 കുടുംബങ്ങളിലായി 610 പേര്‍ ബന്ധുവീടുകളിലേക്ക് മാറി. താലൂക്കിലെ ചീത്തപ്പാറ വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. 

    പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ വയക്കര വില്ലേജില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് 19 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

    ഏഴോം വില്ലേജിലെ ഏഴോം, ബോട്ട് കടവ്, പെരിങ്ങീല്‍ പ്രദേശങ്ങളിലെ 60 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. വെള്ളം കയറിയതിനാല്‍ മാടായി വില്ലേജിലെ  15 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. 

    ജില്ലയിലെ പ്രധാന നദികളില്‍ എല്ലാം ജലനിരപ്പ് അപാകടകരമാംവിധം ഉയര്‍ന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. വളപട്ടണം, മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad