നടുക്കം മാറാതെ കരിപ്പൂർ; 20 മരണം
കരിപ്പൂർ:
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 20 പേർ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്സ്. 344 ദുബായ് – കോഴിക്കോട് വിമാനമാണ് 7.52-ന് അപകടത്തിൽപ്പെട്ടത്.കോക്പിറ്റ് ഉൾപ്പെടുന്ന ഭാഗം മതിലിൽ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകർന്ന് തെറിച്ചു.
പൈലറ്റ്, കോ-പൈലറ്റ്, നാല് ജീവനക്കാർ എന്നിവരാണ് യാത്രക്കാർക്ക് പുറമേയുണ്ടായിരുന്നത്. വിമാനത്തിന് തീ പിടിക്കാത്തത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു.ഇതിനാൽ 7.40- നെത്തിയ വിമാനം മൂന്നുതവണ ചുറ്റിപ്പറന്ന ശേഷമാണ് ഇറങ്ങിയത്. സാധാരണ റൺവേയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് ലാന്റ് ചെയ്യുന്നത്. ഈ വിമാനം പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്റ് ചെയ്തത്. റൺവേയുടെ ടെച്ചിങ് ലൈൻ പകുതിയോളം കഴിഞ്ഞാണ് നിലത്തിറങ്ങിയതെന്ന് കരുതുന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് മാനുവൽ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിർത്താൻ ശ്രമിച്ചതായി സൂചനയുണ്ട്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് പൂർണമായ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത്
No comments
Post a Comment