മാക്കൂട്ടം ചുരം പാത കർണ്ണാടകം തുറന്നു ; കേരളം അടച്ചു
ഇരിട്ടി:
കോറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കുടക് ജില്ലാ ഭരണകൂടം അടച്ചിട്ട മാക്കൂട്ടം – ചുരം അന്തർ സംസ്ഥാന പാത ശനിയാഴ്ച രാത്രി 8.30 ഓടെ തുറന്നു. എന്നാൽ കർണാടക തുറക്കുന്ന വിവരം അറിഞ്ഞ ഉടനെ ഇരിട്ടി പോലീസ് എത്തി കൂട്ടുപുഴ പാലത്തിലും റോഡിലും ബാരിക്കേഡുകൾ വെച്ച് റോഡ് അടച്ചു. ഇതിലൂടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും കോവിഡ് മാനദണ്ഡ പ്രകാരമുള്ള പരിശോധനാ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് റോഡ് അടച്ചിടുന്നതെന്നാണ് ഇതിനു കാരണമായി പറയുന്നത്.
135 ദിവസമായി അടഞ്ഞുകിടന്ന റോഡ് തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ യാത്രക്കാർക്കും ചരക്ക് വാഹന നീക്കങ്ങൾക്കും വൻ ആശ്വാസമാകും. ‘മാർച്ച് 27നാണ് പാത കുടക് ജില്ലാ ഭരണകൂടം അടച്ചത്. സംസ്ഥാന സർക്കാറിൻ്റെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും പാത അവശ്യ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് പോലും തുറന്നുകൊടുക്കാൻ അനുവദിച്ചിരുന്നില്ല .
സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പാലത്തിനപ്പുറം റോഡിൽ മണ്ണിട്ട് ഉയർത്തിയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. പെരുമ്പാടി ചെക്ക് പോസ്റ്റിൽ ബാരിക്കേഡും തീർത്തു.
രണ്ട് ലക്ഷത്തോളം മലയാളികളുള്ള കുടകിൽ, കേരളവുമായി നിരന്തര സമ്പർക്കത്തിലാകുമ്പോൾ രോഗ വ്യാപനം ഉണ്ടാകുമെന്ന ഭീതിയാണ് അടച്ചിടലിന് കാരണമായി പറഞ്ഞത്. ചുരം പാതവഴി ഇരിട്ടിയിൽ നിന്നും വീരാജ്പേട്ടയിൽ എത്താൻ 50 കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് മാനന്തവാടി വഴി 200 കിലോമീറിലധികം സഞ്ചരിച്ചു വേണം പേട്ടയിലെത്താൻ. മണ്ണിടിച്ചിൽ മൂലം പാൽചുരം ബോയിസ് ടൗൺ റോഡിൽ ഗതാഗത നിയന്ത്രണം നിലനിൽക്കെ ചുരം പാത തുറക്കാനുള്ള തീരുമാനം വൻ ആശ്വാസമാവുമായിരുന്നു.
ചുരം പാത അടച്ചതിലൂടെ വ്യാപാര വാണിജ്യ മേഖലയിലുണ്ടായ ഇടിവ് കുടകിനും തിരിച്ചടിയായിരുന്നു.
കേന്ദ്ര സർക്കാർ അൺലോക്ക് മൂന്ന് പ്രകാരം അന്തർ സംസ്ഥാന യാത്രകൾക്കുള്ള നിരോധനം നീക്കിയതും ചുരം പാത തുറക്കുന്നതിലേക്ക് നയിച്ചു. എന്നാൽ മണ്ണ് നീക്കം ചെയ്ത് കർണാടകം റോഡ് തുറന്നെങ്കിലും ഉടനെ കേരളം അടച്ച റോഡ് തുറന്നുകിട്ടാൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും എന്നറിയില്ല.
No comments
Post a Comment