വളപട്ടണം പുഴ കരകവിഞ്ഞതോടെ ആന്തൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
തളിപ്പറമ്പ്:
വളപട്ടണം പുഴ കരകവിഞ്ഞതോടെ ആന്തൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോൾതുരുത്തി, കമ്പിൽക്കടവ്, പറശ്ശിനിക്കടവ്, കൊവ്വൽ, നണിച്ചേരി, കണിച്ചേരി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വെള്ളിയാഴ‌്ച വൈകിട്ടാണ് താഴ‌്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയത‌്.
ശനിയാഴ‌്ചയും മഴ കനത്തതോടെ കുടുംബങ്ങളെ തോണികളിലും മറ്റും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. പൂർണമായും വെള്ളത്തിലായ കോൾതുരുത്തി പ്രദേശത്തെ 83 കുടുംബങ്ങളും ഭീതിയിലാണ‌്. ഇതിനകം 20 കുടുംബങ്ങളാണ‌് മാറിത്താമസിച്ചത‌്. മറ്റുള്ള കുടുംബാംഗങ്ങൾ വീടിന്റെ മുകൾ നിലയിൽ ഉൾപ്പെടെ കഴിയുകയാണ‌്. അഴീക്കോടൻ സ‌്മാരക വായനശാല കലാസമിതി, പി കെ കുഞ്ഞിക്കണ്ണൻ സ‌്മാരക ഹാൾ, കോൾതുരുത്തി അങ്കണവാടി എന്നിവയിൽ ഒന്നരമീറ്റർ ഉയരത്തിൽ വെള്ളംകയറിയിട്ടുണ്ട‌്. കോൾതുരുത്തി എഎൽപി സ‌്കൂളിലും വെള്ളം കയറി. തായപ്പാത്ത‌് രാജീവൻ, കൂനംങ്കണ്ടി സുരേഷ‌്, പി കെ വിനോദ‌്, കൗൺസിലർ കെ പുഷ‌്പജൻ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും വെള്ളംകയറി. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ കനത്ത ആഘാതം നേരിട്ട പ്രദേശമാണിത‌്. വീണ്ടും വെള്ളംകയറിയത‌് കാർഷിക മേഖലയെ ഉൾപ്പെടെ ബാധിക്കും.
പറശ്ശിനിപ്പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവിൽ മടപ്പുര സമീപം വെള്ളം കയറി. മടപ്പുരയിലും സമീപത്തെ കടകളിലും വെള്ളംകയറി.
മടപ്പുരക്ക‌് സമീപത്തെ പുതിയപുരയിൽ രഞ‌്ജിത്ത‌്, കെ വി സജീവൻ, വടക്കീൽ ബാലൻ, കെ വി കൃഷ‌്ണൻ, കളമുള്ളവളപ്പിൽ ശ്യാമള, സജീവൻ, ബാലകൃഷ‌്ണൻ, എം പി സരോജിനി, വടക്കീൽ ലീല, ശകുന്തള ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക‌് താമസം മാറി. കോടല്ലൂരിൽ കനത്ത മഴയിൽ ടി പി രാധയുടെ ഓടിട്ട വീട‌് ഭാഗികമായി തകർന്നു. പ്രദേശത്തെ അഞ്ച‌് കുടുംബങ്ങളെ മാറ്റി .
കൊവ്വലിലെ കെ രേണുക, മകൾ കെ നിഷ എന്നിവരുടെ വീട്ടിലും വെള്ളം കയറി.
കമ്പിൽക്കടവിലെ രണ്ട‌് കുടുംബങ്ങളും ബന്ധുവീടുകളിൽ മാറിത്താമസിച്ചു. ആന്തൂർ നഗരസഭ കൗൺസിലർമാർ, നാട്ടുകാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയിൽ കാനൂലിൽ ആന്തൂർ നഗരസഭാ കൗൺസിലർ കെ പി നന്ദനന്റെ വീടിനുമുകളിൽ റോഡ‌് ഇടിഞ്ഞ‌് താഴ‌്ന്നു. മണ്ണും കല്ലും ഉൾപ്പെടെ പതിച്ച് വീടിന്റെ അടുക്കള ഭാഗം തകർന്നു.
No comments
Post a Comment