പാപ്പിനിശ്ശേരിയിലും കനത്ത ജാഗ്രത: ഒൻപത് വാർഡുകൾ അടച്ചു
കല്യാശ്ശേരി:
കോവിഡ് സമ്പർക്ക വ്യാപനത്തെത്തുടർന്ന് പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒൻപത് വാർഡുകൾ അടച്ചിട്ടു. ബുധനാഴ്ച രാവിലെ പത്തുമണിക്ക് ശേഷമാണ് പഞ്ചായത്തിലെയും സമീപത്തെ കല്യാശ്ശേരി പഞ്ചായത്തിലെയും പ്രധാന റോഡുകൾ അടച്ചിട്ടത്.
പാപ്പിനിശ്ശേരിയിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, 12, 13, 14, 18 എന്നീ വാർഡുകളാണ് പൂർണമായി അടച്ചിട്ടത്. ഇതോടൊപ്പം മറ്റു വാർഡുകളിലൂടെ പോകുന്ന റോഡുകളും പോലീസ് അടച്ചിട്ടുണ്ട്.
നിരവധി ബസുകൾ സർവീസ് നടത്തുന്ന കീച്ചേരി-അഞ്ചാംപീടിക റോഡ് ഇരുഭാഗത്തും വാഹനങ്ങൾ നിരയായി നിൽക്കുമ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ അടച്ചത്. അടച്ചിടുമ്പോൾ ഇരുഭാഗത്തുമുണ്ടായ വാഹനങ്ങളെ പോലും പോകാൻ പോലീസ് അനുവദിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞദിവസം വരെ കൺടെയ്‌ൻമെന്റ് സോണിലൂടെ പോകുന്ന ദേശീയപാതയും സംസ്ഥാനപാതകളും അടയ്ക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പാപ്പിനിശ്ശേരി ഗേറ്റ്- പാളിയത്ത്‌വളപ്പ് റോഡ്, വേളാപുരം-പഴഞ്ചിറ റോഡ്, ഇരിണാവ്-ധർമ കിണർ റോഡ് തുടങ്ങി ഒട്ടുമിക്ക പ്രധാന റോഡുകളും അടച്ചിട്ടുണ്ട്.
സമ്പർക്കരോഗ വ്യാപനം തടയാനാണ് മുൻകരുതലായി റോഡുകൾ അടയ്ക്കുന്നത് എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
No comments
Post a Comment