താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തും; യുവതിക്കൊപ്പം നിർത്തി നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക്മെയിലിങ്; നാലംഗ സംഘം അറസ്റ്റിൽ
കൊച്ചി:
ഫോൺ വിളിച്ച് യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിൽ. പച്ചാളം സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് യുവതിയടക്കമുള്ള നാല് പേരെ പിടികൂടിയത്. സംഘത്തിന്റെ കെണിയിൽ വീണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടിരുന്നു.
മുണ്ടംപാലത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. പുതുവൈപ്പ് പടിഞ്ഞാറു പുതിയനികത്തിൽ അജിത് (21), തോപ്പുംപടി വില്ലുമ്മേൽ തീത്തപ്പറമ്പിൽ നിഷാദ് (21), കോഴിക്കോട് കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മേൽ സാജിദ് (25), ഫോർട്ടുകൊച്ചി സ്വദേശിനി നസ്നി (23) എന്നിവരാണ് അറസ്റ്റിലായത്.
സാമ്പത്തിക ശേഷിയുണ്ടന്ന് ബോധ്യപ്പെടുന്നവരെയാണ് ഇവർ തട്ടിപ്പിന് ഇരയാക്കുന്നത്.
ഫോണിൽ യുവാക്കളെ വിളിച്ചു കെണിയിൽ പെടുത്തുന്നത് നസ്നിയാണ്.
പരിചയമാകുന്നതോടെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തും. ഇര എത്തിയാൽ പിന്നാലെ നസ്നിയുടെ സുഹൃത്തുക്കളായ പ്രതികളും അവിടെയെത്തും. ഇരയെ മർദിച്ച് നഗ്നനാക്കി നസ്നിയോടൊപ്പം ഫോട്ടോയെടുക്കും. ഇതു കാട്ടിയാണു ബ്ലാക്ക്മെയിലിങ്.
കൈവശമുള്ള പണവും മൊബൈൽ ഫോണും ഉൾപ്പെടെ തട്ടിയെടുക്കുന്ന സംഘം ഇരയെയും കൊണ്ട് എടിഎം കൗണ്ടറിലെത്തി വൻതുക പിൻവലിപ്പിച്ച് കൈക്കലാക്കും.
സാജിദിന്റെ പേരിൽ താമരശേരി പൊലീസ് സ്റ്റേഷനിൽ പീഡനക്കേസുണ്ട്. അജിത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിലും പ്രതിയാണ്.
തൃക്കാക്കര അസി. പൊലീസ് കമ്മീഷണർ കെഎം ജിജിമോൻ, ഇൻസ്പെക്ടർ ആർ ഷാബു, എസ്ഐമാരായ കെ മധു, സുരേഷ്, ജോസി, എഎസ്ഐമാരായ ഗിരിഷ്കുമാർ, അനിൽകുമാർ, ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, ഹരികുമാർ, ദിനിൽ, വനിത പൊലീസ് ഓഫീസർ രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
No comments
Post a Comment