Header Ads

  • Breaking News

    വിദ്യാർത്ഥികൾക്കായി പ്രതേക അറിയിപ്പ്


    2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി നടത്താനും യോഗത്തിൽ തീരുമാനമായി.


    കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകൾ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കോവിഡ് 19 കാലത്തെ ഡിജിറ്റൽ പഠനത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രതികൂല സാഹചര്യത്തിൽ വിവിധ ഏജൻസികളെ കൂട്ടിയോജിപ്പിച്ച് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കാൻ കഴിഞ്ഞു. ഇതിന് നേതൃത്വം നൽകുന്ന വിവിധ ഏജൻസികളെ യോഗം അഭിനന്ദിച്ചു. സ്‌കൂൾ തുറക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ 10, 12 ക്ലാസുകളിലെങ്കിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. 


    ഓൺലൈൻ ക്ലാസുകളിൽ കലാ-കായിക വിദ്യാഭ്യാസംകൂടി ഉൾപ്പെടുത്തും, ഭിന്നശേഷി വിഭാഗം കുട്ടികൾ, ട്രൈബൽ മേഖലയിലെ കുട്ടികൾ എന്നിവരുടെ പഠനത്തിന് കൂടുതൽ പരിഗണന നൽകും. കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, കൗൺസലിംഗ് വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഡിജിറ്റൽ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഓൺലൈൻ പരിശീലനം നൽകാനും തീരുമാനമായി.

    കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് കോവിഡ് കാലത്തെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രരചന നടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ തുടർപഠനത്തിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദിനെ യോഗം ചുമതലപ്പെടുത്തി. കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ യൂണിസെഫ് അഭിനന്ദിച്ച വിവരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ യോഗത്തെ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad