വളപട്ടണം പുഴ ശാന്തമായി ; മാറിത്താമസിച്ചവർ തിരികെ വീടുളിലേക്ക്
വളപട്ടണം :
വളപട്ടണം പുഴയുടെ കരകവിഞ്ഞുള്ള ഒഴുക്കിന് അൽപം ശമനമായതോടെ മാറിത്താമസിച്ചവർ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിലെ പുഴയോരം ചേർന്ന പ്രദേശങ്ങളിൽനിന്നും മുൻകരുതലായി നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഞായറാഴ്ച രാവിലെ വെള്ളമിറങ്ങാൻ തുടങ്ങിയതോടെയാണ് പലരും മടങ്ങിയത്.
മയ്യിൽ പഞ്ചായത്തിൽ മാറിത്താമസിച്ച ഭൂരിഭാഗം കുടുംബവും മടങ്ങിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. കോറളായിയിൽ മദ്രസയിലേക്ക് മാറിയവരും വീടുകളിലേക്ക് മടങ്ങി. കുറ്റ്യാട്ടൂർ പഞ്ചയത്തിലെ 25 കുടുംബം വീടുകളിലേക്ക് മടങ്ങി. വെള്ളം കയറിയ എട്ടോളം കുടുംബം മാത്രമാണ് തിരികെയെത്താനുള്ളത്. വീടുകൾ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു.
കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തിയിലും വെള്ളം താഴ്‌ന്ന് തുടങ്ങി. 70 കുടുംബം മാറിയിരുന്നു. ഇവരോട് മുൻകരുതലിന്റെ ഭാഗമായി തിങ്കളാഴ്ചയോടെ തിരികെ വന്നാൽ മതിയെന്നാണ് അധികൃതർ നിർദേശിച്ചത്. തുരുത്തി, പള്ളിപ്പറമ്പ് ഭാഗങ്ങളിൽ നിന്ന് മാറിയ 13ഓളം കുടുംബം തിരികെപോയി. നാറാത്ത് പഞ്ചായത്തിലെ ഉണ്ണിലാട്ട് ഒഴികെയുള്ള ഭാഗത്ത് വെള്ളം നിയന്ത്രിതമാണ്. ഏതാനും ചില കുടുംബങ്ങൾ തിരിച്ചുപോയി. ശക്തമായ മഴ തുടരുന്നതിനാൽ എല്ലാ മേഖലയിലും അധികൃതർ ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
No comments
Post a Comment