Header Ads

  • Breaking News

    ഇന്ത്യയില്‍ ജിമെയില്‍ പ്രവര്‍ത്തന രഹിതമായതായി റിപ്പോര്‍ട്ട്


    ഇന്ത്യയില്‍ ജിമെയില്‍ പ്രവര്‍ത്തന രഹിതമായതായി റിപ്പോര്‍ട്ട്. ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്‌മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് വ്യാഴാഴ്ച്ച പരാതിപ്പെട്ടത്. കഴിഞ്ഞ ഒരു മണിക്കൂര്‍ നേരമായി മെയില്‍ അയക്കാനോ ഫയലുകള്‍ അറ്റാച്ചു ചെയ്യാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.

    ഇന്ത്യയിലെ ആളുകള്‍ക്കു മാത്രമല്ല, ഓസ്‌ട്രേലിയ , ജപ്പാന്‍, തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഈ പ്രശ്‌നം ഉളളതായി ഡൗണ്‍ഡിറ്റക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

    59 ശതമാനം പേര്‍ക്ക് ഫയലുകള്‍ അറ്റാച്ച്‌ ചെയ്യാന്‍ കഴിയാതെ വരുമ്ബോള്‍ 28 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല.

    12 ശതമാനം പേര്‍ക്കാകട്ടെ മെസേജുകള്‍ ലഭിക്കുന്നില്ല. പ്രശ്‌നത്തെ കുറിച്ച്‌ ഗൂഗിളും അവരുടെ ടെക്‌നിക്കല്‍ സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    തനിക്ക് മെയില്‍ അയക്കാനോ ഡ്രാഫ്റ്റ് ചെയ്യാനോ കഴിയുന്നില്ലെന്ന് മുംബൈയില്‍ നിന്നുള്ള ഒരു ഉപയോക്താവ് വെളിപ്പെടുത്തുന്നു, രാവിലെ 10 മണിയോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

    രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജിമെയിലില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ മാസത്തില്‍ ഉപയോക്താക്കള്‍ക്ക് മെയില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നുവെങ്കിലും എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് ഗൂഗിള്‍ വിശദീകരിച്ചിരുന്നില്ല.


    No comments

    Post Top Ad

    Post Bottom Ad