തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍; സപ്ലൈകോയുമായി ചേര്‍ന്ന് നോര്‍ക്ക പ്രവാസി സ്റ്റോര്‍ പദ്ധതി
തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനായി സപ്ലൈകോയുമായി ചേര്‍ന്ന് നോര്‍ക്ക പ്രവാസി സ്റ്റോര്‍ പദ്ധതി നടപ്പാക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട തുടങ്ങാന്‍ 15 ശതമാനം സബ്‌സിഡിയോടെ വായ്പ അനുവദിക്കും. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികള്‍ക്കാണ് മുന്‍ഗണന.
തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച എന്‍.ഡി.പി.ആര്‍.എം.പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരഭം. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികള്‍ക്ക് സഹായം നല്‍കുന്നത്.
സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവര്‍ക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും. 700 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് മാവേലി സ്റ്റോര്‍ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്. കടയുടെ ഫര്‍ണിഷിംഗ്, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവര്‍ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികള്‍ക്കാണ് മുന്‍ഗണന. സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നല്‍കും. ഗ്രാമപ്രദേശങ്ങളില്‍ സപ്ലൈകോയുടെ വില്‍പനശാലയുടെ 5 കിലോമീറ്റര്‍ പരിധിയിലും മുന്‍സിപ്പാലിറ്റിയില്‍ 4 കിലോമീറ്റര്‍ പരിധിയിലും കോര്‍പ്പറേഷനില്‍ 3 കിലോമീറ്റര്‍ പരിധിയിലും പ്രവാസി സ്റ്റോര്‍ അനുവദിക്കുകയില്ല. പ്രവാസി സ്റ്റോറുകള്‍ തമ്മിലുള്ള അകലം 3 കിലോമീറ്റര്‍ ആയിരിക്കും. സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ നല്‍കാം. അന്തിമാനുമതി സപ്ലൈകോ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും.
No comments
Post a Comment