കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 17.93 കോടിയുടെ രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി
പരിയാരം :
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 17.93 കോടി രൂപ അനുവദിച്ചു.
പരിശോധനകൾക്കും ചികിത്സയ്ക്കുമാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ 10.75 കോടി രൂപയും ആസ്പത്രി അനുബന്ധ ഉപകരണങ്ങൾക്കായി 7.17 കോടി രൂപയുമാണ് ആരോഗ്യവകുപ്പ് അനുവദിച്ചത്.
വിവിധ വിഭാഗങ്ങളിലായി 29 ഉപകരണങ്ങൾക്കാണ് 10.75 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതിൽ എട്ട് അനസ്തീഷ്യ വർക്ക് സ്റ്റേഷൻ - 96.11 ലക്ഷം രൂപ, ഹാർട്ട് ലങ് മെഷീൻ - 90.19 ലക്ഷം രൂപ, രണ്ട് അൾട്രാ സൗണ്ട് മെഷീൻ - 17.89 ലക്ഷം രൂപ, ഓട്ടോക്ലേവ് മെഷീൻ - 40 ലക്ഷം രൂപ, ഫിബ്രിയോ ഒപിക് ബ്രോങ്കോസ്കോപ് മെഷീൻ - 10.83 ലക്ഷം രൂപ, എക്മോ - 28.86 ലക്ഷം രൂപ, കൊളോണോസ്കോപ്പ് - 19.02 ലക്ഷം രൂപ, വീഡിയോകോൾപോസ്‌കോപ്പ് - 11.50 ലക്ഷം രൂപ, പോർട്ടബിൾ അൾട്ടാസൗണ്ട് മെഷീൻ - 13.09 ലക്ഷം രൂപ, ബേബി ലോങ് വെന്റിലേറ്റർ - 13.57 ലക്ഷം രൂപ, രണ്ട് വെന്റിലേറ്റർ - 19.53 ലക്ഷം രൂപ, കാം മെഷീൻ - 15 ലക്ഷം രൂപ, യൂറോളജി ഒ.ടി. ടേബിൾ - 13.20 ലക്ഷം രൂപ, പോർട്ടബിൾ വെന്റിലേറ്റർ - 6.5 ലക്ഷം രൂപ, ഹോൾ ബോഡി ഫോട്ടോതെറാപ്പി ചേംബർ - 3.3 ലക്ഷം രൂപ തുടങ്ങിയവ ഉൾപ്പെടും.
വിവിധ വിഭാഗങ്ങളിലായുള്ള ബോഡി വാമർ, ബി.പി. അപ്പാരറ്റസ്, സെൻട്രലൈസ്ഡ് വാക്വം സക്‌ഷൻ പമ്പ്, ഐ.വി സ്റ്റാൻഡ്, വീൽച്ചെയർ തുടങ്ങിയ ആസ്പത്രി സാമഗ്രികൾക്കും വിവിധ വകുപ്പുകൾക്ക് വേണ്ടിയുള്ള ഫർണിച്ചറിനും ഉപകരണങ്ങൾക്കുമായാണ് 3.2 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
മെഡിക്കൽ ഓക്സിജൻ, വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് ആവശ്യമായ കെമിക്കൽസ്, കൺസ്യൂമബിൾ, ഗ്ലാസ് വെയർ, എക്സ്റേ സി.ടി. ഫിലിം എന്നിവയ്ക്കായാണ് 3.97 കോടി അനുവദിച്ചിരിക്കുന്നത്
പുതിയ കാത്ത് ലാബ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 5.5 കോടി രൂപ ചെലവിൽ പുതിയ കാത്ത്‌ലാബ് സൗകര്യം ഒരുക്കുന്നു. നിലവിലുള്ള രണ്ട് കാത്ത് ലാബുകൾക്ക് പുറമെയാണ് ആധുനിക കാത്ത്‌ലാബ് സജ്ജമാക്കുന്നത്. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം കാത്ത്‌ലാബ് പ്രൊസീജിയർ നടത്തിയ ആസ്പത്രികളിൽ ഇന്ത്യയിൽ നാലാമത്തെയും കേരളത്തിൽ ഒന്നാമത്തെയും സ്ഥാനമാണ് കണ്ണൂർ മെഡിക്കൽ കോളേജിനുള്ളത്. മൂന്ന് ഷിഫ്റ്റിലായാണ് കാത്ത് ലാബ് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നത്.
No comments
Post a Comment