Header Ads

  • Breaking News

    സലാഹുദ്ദീൻ വധം: വീടുകളിലെ ക്യാമറകളിൽനിന്ന്‌ ദൃശ്യങ്ങൾ കിട്ടി

    കണ്ണൂർ: 

    കണ്ണവം കൈച്ചേരി വളവിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായകമായ സി.സി.ടി.വി. ദൃശ്യങ്ങൾ സമീപത്തെ രണ്ട് വീടുകളിൽനിന്ന്‌ പോലീസിന് ലഭിച്ചു. പോലീസിന്റെ മുൻകൈയിൽ ജനകീയസമിതി സ്ഥാപിച്ച ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾക്കുപുറമെയാണിത്.

    എല്ലാ ദൃശ്യങ്ങളും ചേർത്തുവെച്ചപ്പോൾ പ്രതികളെക്കുറിച്ചും സംഭവം നടന്ന രീതിയെക്കുറിച്ചും പോലീസിന് കൃത്യമായ വിവരം കിട്ടി. സലാഹുദ്ദീന്റെ കാറിന് ഇടിച്ച ബൈക്കും മറ്റുപ്രതികൾ സഞ്ചരിച്ച കാറും കൂത്തുപറമ്പ് ഭാഗത്തുനിന്ന് തന്നെയാണ് പിന്തുടർന്നിരുന്നതെന്ന് വ്യക്തമായതായി പോലീസ് സൂചിപ്പിച്ചു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ബൈക്ക് ഇടിച്ചു. സലാഹുദ്ദീൻ കാർ നിർത്തി പുറത്തിറങ്ങി. 

    ഒഴിഞ്ഞ സ്ഥലമായിട്ടും ഏതാനും പേർ ഓടിക്കൂടുന്നത് കണ്ട് മറ്റു പ്രതികളുടെ കാർ നിർത്താതെ മുന്നോട്ടുപോയി. കൃത്യം നടത്തണോ എന്ന ആശയക്കുഴപ്പം ഇവർക്കുണ്ടായി. നേരത്തെ പുഴക്കരയിൽ കാത്തുനിൽക്കാൻ പറഞ്ഞ പ്രതികളാണ് ഓടിയെത്തിയതെന്ന് മനസ്സിലായതോടെ കാർ തിരികെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പ്രതികൾ കൃത്യം നടത്തിയ ശേഷം മടങ്ങി. കാറിനെ പിന്തുടർന്ന ബൈക്ക് ഒരു വീടിനുമുമ്പിൽ നിർത്തുന്നതും അവിടുന്ന് ഒരാൾകൂടി കയറുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

    ദൃശ്യങ്ങൾ സ്റ്റേഷനിലെ കംപ്യൂട്ടറിൽ കിട്ടുംവിധം കണ്ണവം സ്റ്റേഷൻ പരിധിയിൽ 101 ക്യാമറകളാണ് ജനകീയ സമിതി സ്ഥാപിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും തകരാറായിരുന്നു. പക്ഷേ പ്രവർത്തിച്ചിരുന്ന ചുരുക്കം ക്യാമറകളിൽ പ്രതികളുടെ നീക്കം പതിഞ്ഞു. വീടുകളിലെ ദൃശ്യം ക്യാമറകൾ സ്ഥാപിച്ച കമ്പനി മുഖേന പോലീസ് സംഘടിപ്പിക്കുകയായിരുന്നു. പോലീസ് ക്യാമറകളിൽ 38 എണ്ണം നന്നാക്കിയിട്ടുണ്ട്. 

    അറസ്റ്റിലായ അമൽരാജിനെയും റിഷിലിനെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകിയതായി പോലീസ് അറിയിച്ചു. സലാഹുദ്ദീൻ വധത്തിന് പ്രത്യാക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad