കണ്ണൂർ സ്വദേശി ഉൾപ്പടെയുള്ള കവർച്ചാ സംഘം വീരാജ്പേട്ടയിൽ പിടിയിൽ ; അറസ്റ്റിലായത് മാക്കൂട്ടം ചുരം റോഡ് വഴിയുള്ള യാത്രക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ
കണ്ണൂർ :
കവർച്ചാ സംഘം പിടിയിൽ ചക്കരക്കൽ സ്വദേശി ഉൾപ്പടെയുള്ള കവർച്ചാ സംഘം വീരാജ്പേട്ടയിൽ പിടിയിൽ . അറസ്റ്റിലായത് മാക്കൂട്ടം ചുരം റോഡ് വഴിയുള്ള യാത്രക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ.
മാക്കൂട്ടം ചുരം പാതയിൽ രാത്രിയിൽ സഞ്ചരിക്കുന്ന യാത്രക്കാരെ കൊള്ളയടിക്കാനിറങ്ങിയ കണ്ണൂർ വടകര സ്വദേശികളായ രണ്ടുപേർ അടങ്ങുന്ന ഒൻപതംഗ കവർച്ചാ സംഘത്തെ വീരാജ്പേട്ട ഡി വൈ എസ് പി സി.ടി , ജയകുമാറിന്റെ നിർദ്ദേശപ്രകാരം സിറ്റി പോലീസ് ഓഫീസർ എച്ച്.എസ് , ബോജപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു . വടകര ചോമ്പാല സ്വദേശി ജി . വൈഷ്ണവ് ( 22 ) , കണ്ണൂർ ചക്കരക്കൽ സ്വദേശി കെ.വി. അഭിനവ് ( 20 ) എന്നിവരും കർണ്ണാടക സ്വദേശികളായ 7 പേരും അടങ്ങിയ ഒൻപതംഗ സംഘമാണ് പിടിയിലായത് . ഇവർ സഞ്ചരിച്ച രണ്ട് കാറുകളിൽ നിന്നുമായി ഇരുമ്പ് വടികൾ , 8 കിലോ മെർക്കുറി , കത്തി , വടിവാൾ , മുളക്പൊടി തുടങ്ങിയവയും കണ്ടെടുത്തു .
ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വീരാജ്പേട്ട - ഇരിട്ടി അന്തർ സംസ്ഥാന പാതയിൽ വീരാജ്പേട്ട ടൗണിന് സമീപം വെച്ചാണ് ഇവർ പിടിയിലാകുന്നത് . വീരാജ്പേട്ട - കണ്ണൂർ അന്തർ സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് തുറന്നതോടെ ഇതുവഴി സഞ്ചരിക്കുന്നവരെ കൊള്ളചെയ്ത് പണവും സ്വർണ്ണവും മറ്റും തട്ടിയെടുക്കുക എന്ന ഉദ്ദേശമായിരുന്നു ഇവരുടേതെന്ന് ചോദ്യം ചെയ്യലിൽ പോലീസിന് വിവരം ലഭിച്ചു . ഇരുപത് കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം പാത കൊടും കാടുകളും വളവുകളും നിറഞ്ഞ വൈദ്യുതീകരിച്ചിട്ടില്ലാത്തപാതയാണ് . മൊബൈൽ റേഞ്ച് ഇല്ലാത്ത പാതയിൽ കിലോമീറ്റർ താഴ്ചയുള്ള നിരവധി കൊല്ലികളും സ്ഥിതിചെയ്യുന്നുണ്ട് . രാത്രികാലങ്ങളിൽ കവർച്ചക്ക് ശേഷം ഇത്തരം കൊല്ലികളിലേക്ക് വാഹനങ്ങൾ അടക്കം തള്ളിയിട്ടാലും ആർക്കും എളുപ്പം അറിയാനും കഴിയില്ല .
കവർച്ചക്കുള്ള തയ്യാറെടുപ്പുകൾക്കു മുൻപേ സംഘത്തെ പിടികൂടാനായത് വലിയ ആശ്വാസമായാണ് പോലീസ് കരുതുന്നത് . ഇതിന് പിന്നിൽ വേറെയും സംഘങ്ങൾ ഉള്ളതായി കരുതുന്നതായും അന്വേഷണം തുടരുന്നതായും സിറ്റി പോലീസ് ഓഫീസർ ബോജപ്പ അറിയിച്ചു . പ്രതികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ ഒരു കർണ്ണാടക സ്വദേശിക്ക് പോസിറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്ന് ഇയാളെ മടിക്കേരി കോവിഡ് സെന്ററിലേക്ക് മാറ്റി . മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി മടിക്കേരി ജയിലിലേക്കയച്ചു
No comments
Post a Comment