Header Ads

  • Breaking News

    ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ല; എല്ലാ പ്രതികളേയും വെറുതെ വിട്ട് കോടതി


    ന്യൂഡല്‍ഹി:

    ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസില്‍ എല്ലാവരേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടില്ലെന്നുമാണ് എല്‍.കെ അദ്വാനിയും ജോഷിയും മൊഴി നല്‍കിയത്.

    പക്ഷെ, മസ്ജിദ് തകര്‍ക്കുമ്ബോള്‍ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു.

    ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ല്‍ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

    സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകര്‍ത്ത കേസില്‍ വിധി വരുന്നത്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുളളത് റായ്ബറേലിയിലുമായിട്ടായിരുന്നു വിചാരണ. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ടുകൂട്ടം കേസുകളിലേയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

    No comments

    Post Top Ad

    Post Bottom Ad