ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആശങ്ക
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സപ്ലൈകോ മുഖേന സര്‍ക്കാര്‍ വിതരണം ചെയ്‌ത ഓണക്കിറ്റിലെ പപ്പടം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു പരിശോധനാ റിപ്പോര്‍ട്ട്. കിറ്റിലെ പപ്പടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്‌തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഉത്‌പന്നം തിരിച്ചെടുക്കാനൊരുങ്ങി സപ്ലൈകോ. 81 ലക്ഷം പാക്കറ്റ് പപ്പടമാണു തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു.
പപ്പടത്തിനു പകരം ഉഴുന്നിന്റെ അംശം തീരെയില്ലാത്ത അപ്പളമാണു കിറ്റുകളില്‍ വിതരണം ചെയ്‌തത്.
കിറ്റിലെ ശര്‍ക്കരയ്‌ക്കും നിലവാരമില്ലെന്നു കണ്ടെത്തിയിരുന്നു. കരാറുകാര്‍ക്കും ഉദ്യോഗസ്‌ഥ-രാഷ്‌ട്രീയ ഇടനിലക്കാര്‍ക്കും കമ്മീഷന്‍ കൊയ്യാനായി 87 ലക്ഷം പാക്കറ്റിനു പകരം 91 ലക്ഷം പാക്കറ്റ് വാങ്ങിക്കൂട്ടി. കേരളാ പപ്പടത്തിനാണു ടെന്‍ഡര്‍ ക്ഷണിച്ചതെങ്കിലും ആ നിബന്ധന ലംഘിക്കപ്പെട്ടു. ഹഫ്‌സര്‍ ട്രേഡിങ് കമ്ബനിയുടെ "അപ്പളം" ഗുണനിലവാരപരിശോധന കൂടാതെയാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയതെന്നു കോന്നി സി.എഫ്.ആര്‍.ഡി. ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്‌തമായി. ഉത്‌പന്നത്തില്‍ ഈര്‍പ്പവും ക്ഷാരാംശവും സോഡിയം കാര്‍ബണേറ്റും അനുവദനീയമാതില്‍ കൂടുതലാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്‌ചശക്‌തിയെത്തന്നെ ബാധിക്കാം.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വിതരണം ചെയ്‌ത ബാച്ച് നമ്ബര്‍ എസ്.എസ്.ടി. 01 (പി.ഒ. നമ്ബര്‍ 25168) പപ്പടത്തില്‍ ഉപയോഗിക്കാത്തത് അടിയന്തരമായി തിരിച്ചെടുക്കാനാണു സപ്ലൈകോ നിര്‍ദേശം. പകരം പുതിയതു നല്‍കണം.
No comments
Post a Comment