പതിനേഴ്കാരന്റെ തിരോധാനത്തിൽ ദുരൂഹതയേറുന്നു
പത്തനാപുരം കടശ്ശേരിയിലെ പതിനേഴ്കാരന്റെ തിരോധാനത്തിൽ ദുരൂഹതയേറുന്നു. കാണാതായി പതിനാറ് ദിവസം കഴിഞ്ഞട്ടും വിദ്യാർത്ഥി എവിടെയാണന്നതിനെ പറ്റിയുളള യാതൊരു വിവരവും ലഭിച്ചില്ല. വനമേഖല കേന്ദ്രീകരിച്ചുളള തിരച്ചിലിന് പുറമേ ഫോൺരേഖകളും ശാസ്ത്രീയമായ പരിശോധനകളും നടന്നു വരികയാണ്.
പത്തനാപുരം കടശ്ശേരിയിൽ രവീന്ദ്രൻ- ലതിക ദമ്പതികളുടെ ഇളയ മകനായ രാഹുലിനെ കഴിഞ്ഞ മാസം 19-ാംതീയതി രാത്രി മുതലാണ് കാണാതാകുന്നത്. ചെരുപ്പിടാതെ ലുങ്കി മാത്രം ധരിച്ച് അധിക ദൂരം പോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കൂടാതെ മൊബൈൽ ഗെയിമിനോട് അമിത താൽപര്യമുളള രാഹുൽ റേഞ്ച് നോക്കി വനത്തിലേക്ക് പോകവെ അപകടം സംഭവിച്ചതാകാമെന്ന സംശയവും തളളിക്കളയുന്നില്ല. വിദ്യാർത്ഥി സ്വയം മാറിനിൽക്കുകയാണോ എന്നും പരിശോധിക്കുന്നുണ്ട്.
പുലിയടക്കമുളള വന്യ ജീവികളുടെ ആക്രമണം രാഹുലിന് നേരെ ഉണ്ടാകാൻ സാധ്യത കുറവാണന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. രാഹുലിന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലംമുതൽ ചുറ്റുപാടും സസൂഷ്മം പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. വനംവകുപ്പിന്റെയും നാട്ടുകാരുടേയും സഹായത്തോടെ നാല് സംഘങ്ങളായി തിരിഞ്ഞാവും ഇന്നത്തെ തിരച്ചിൽ. റൂറൽ എസ്പി ഹരിശങ്കറിന്റെ നിർദേശാനുസരണം പ്രത്യേക സ്‌ക്വാഡും അന്വേഷണം നടത്തി വരികയാണ്. കാട്ടാന ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് രാഹുലിന്റെ പതിവ് വിനോദമായിരുന്നു.
No comments
Post a Comment