വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കർശന നിബന്ധന; പാലക്കയം തട്ട്, ഏഴരക്കുണ്ട് എന്നിവിടങ്ങളിൽ 15 മുതൽ
കണ്ണൂർ:
കോവിഡ് കാലത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കർശന നിബന്ധന. തിങ്കളാഴ്ച മുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബീച്ചുകളിൽ വിനോദസഞ്ചാരം നവംബർ ഒന്നുമുതൽ മാത്രമേ അനുവദിക്കുകയുള്ളൂ. ജില്ലയിൽ ഘട്ടംഘട്ടമായി മാത്രമേ പാർക്കുകളും മറ്റും തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കൂ എന്നാണ് ഡി.ടി.പി.സി. അധികൃതർ പറയുന്നത്. പല വിനോദകേന്ദ്രങ്ങളിലും അടിയന്തര അറ്റകുറ്റപ്പണികളും മറ്റും വേണ്ടി വരും.
മാസങ്ങളായി ആൾപ്പെരുമാറ്റമില്ലാത്ത കേന്ദ്രങ്ങൾ സഞ്ചാരയോഗ്യമാക്കേണ്ടിയും വരും. കർശനമായ കോവിഡ് നിബന്ധനകൾ പാലിച്ചുമാത്രമായിരിക്കും പ്രവേശനം. ഓൺലൈനായി രജിസ്റ്റർചെയ്ത് പ്രവേശനം അനുവദിക്കണമെന്നും നിർദേശമുണ്ട്. കണ്ണൂർ കോർപ്പറേഷന് കീഴിലെ പാർക്കുകൾ ഇപ്പോൾ തുറക്കുന്നില്ല. ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് മാത്രമായിരിക്കും തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വിനോദകേന്ദ്രങ്ങൾക്ക് സമീപം പാർക്കിങ് ഒരുമണിക്കൂർമാത്രമേ അനുവദിക്കൂ. സന്ദർശകർക്ക് പനിയുണ്ടോ എന്ന് കവാടത്തിൽനിന്ന് തന്നെ പരിശോധിക്കും. സാനിറ്റൈസറും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കണം. കോവിഡ് നിബന്ധനകൾ ബോർഡിൽ പ്രദർശിപ്പിക്കണം. സന്ദർശകർ രണ്ടുമീറ്റർ അകലം പാലിക്കണം. കഫ്റ്റീരിയയിലും മറ്റും അകലം പാലിക്കാൻ സ്ഥലംമാർക്ക് ചെയ്യണം. അണുനശീകരണവും ശുചീകരണവും കൃത്യമായി നടത്തണം. സന്ദർശകരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പാലക്കയം തട്ട്, ഏഴരക്കുണ്ട് എന്നിവിടങ്ങളിൽ 15 മുതൽ മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കൂ. പൈതൽമല 16-നും തുറക്കും.
ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ചയാണ് ബന്ധപ്പെട്ടവർക്ക് ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തുന്നതിനാണ് തീയതി ദീർഘിപ്പിച്ചത്. അറ്റകുറ്റപ്പണികൾ നടത്താനും സുരക്ഷാ സംവിധാനങ്ങളൊരുക്കാനും സമയം ആവശ്യമുണ്ട്. പൈതൽ മലയിലേക്കുള്ള നടപ്പാത മൂടിക്കിടക്കുന്ന കാട് വൃത്തിയാക്കാനും വഴിയിൽ മറിഞ്ഞുവീണിട്ടുള്ള വൻമരങ്ങൾ മുറിച്ചുമാറ്റാനും വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ഈ പ്രവർത്തനങ്ങൾ നടത്തും.
No comments
Post a Comment