സമൂഹ മാധ്യമങ്ങള്‍ വഴി ഫ്രണ്ട് റിക്വസ്റ്റ്, പിന്നീട് ചാറ്റ്, വാട്‌സ് ആപ്പ് നമ്പര്‍ നേടിയ ശേഷം വീഡിയോ കോള്‍, പിന്നീട് സെക്‌സ് ചാറ്റ് ; രണ്ട് മാസത്തിനിടെ 25 ലധികം പ്രമുഖര്‍ക്ക് കാശ് നഷ്ടം ; മാനക്കേട് ഭയന്ന് പരാതി കൊടുക്കാന്‍ പേടി ; വിശദാംശങ്ങള്‍ പുറത്ത് വിട്ട് പൊലീസ്
തിരുവനന്തപുരം :
മലയാളികളെ സെക്സ് ചാറ്റില്‍ വീഴ്ത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന രാജസ്ഥാന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ് ഹൈടെക് സെല്‍. രണ്ടു മാസത്തിനിടെ 25 ലധികം പേരാണ് തട്ടിപ്പിനിരയായത്. സമൂഹത്തില്‍ ഉയര്‍ന്ന പദവിയുള്ള, സമൂഹമാധ്യമങ്ങളില്‍ സജീവമായവരാണ് തട്ടിപ്പിനിരയാകുന്നത്. പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാത്തത് അന്വേഷണത്തിനു തടസമാണെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പിനിരയായവര്‍ പരിചയമുള്ള പൊലീസുകാരോട് വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചു. കേരള പൊലീസിനു ലഭിച്ച ഫോണ്‍ നമ്പരുകളും അക്കൗണ്ടുകളുടെ വിവരങ്ങളും രാജസ്ഥാന്‍ പൊലീസിനു കൈമാറി.
ആദ്യം സംഘം ജോലിയും സാമ്പത്തിക നിലവാരവുമെല്ലാം സമൂഹമാധ്യമത്തിലൂടെ പരിശോധിച്ചശേഷം സമൂഹമാധ്യമത്തിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. ഇത് ആക്‌സപ്റ്റ് ചെയതാല്‍ ഇവര്‍ മെസഞ്ചറിലൂടെ ചാറ്റു ചെയ്യും. പിന്നീട് സൗഹൃദമായിക്കഴിഞ്ഞാല്‍ വീട്ടുകാര്യങ്ങളും സുഹൃത്തുക്കളെയും കുറിച്ചു ചോദിച്ചറിയും. ദിവസങ്ങള്‍ കഴിയുമ്പോള്‍ വാട്സാപ് നമ്പര്‍ ചോദിച്ച് വാട്‌സ് ആപ്പിലൂടെ ചാറ്റ് ആരംഭിക്കും. പിന്നെ അത് സെക്സ് ചാറ്റിലേക്കു കടക്കും. നഗ്നരായി വിഡിയോ ചാറ്റിനു ക്ഷണിക്കും. വിഡിയോ ചാറ്റില്‍ ഏര്‍പ്പെട്ടാല്‍ ദിവസങ്ങള്‍ക്കുശേഷം തന്നെ നഗ്നവിഡിയോ കയ്യില്‍ ഉണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും അയയ്ക്കുമെന്നും, യുട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഇവരുടെ സന്ദേശം എത്തും.
ഭീഷണിക്കു വഴങ്ങാത്തവര്‍ക്കു യുട്യൂബില്‍ അപ്ലോഡ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്തതിന്റെ വ്യാജ സ്‌ക്രീന്‍ ഷോട്ട് അയയ്ക്കും. ഇതോടെ പേടിച്ച് മിക്കവരും പണം നല്‍കും. പണം നല്‍കിയാല്‍ വീണ്ടും പണം ആവശ്യപ്പെടും. പണം നല്‍കാത്തവരെ വാട്സാപ് കോളിലൂടെ ഭീഷണി തുടരും. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് ചാറ്റിങ് നടത്തുക. തട്ടിപ്പു നടത്തുന്ന പ്രൊഫൈലുകള്‍ ഹിന്ദി പേരിലുള്ളതായിരിക്കുമെന്നും പൊലീസ് പറഞ്ഞു. ഒഎല്‍എക്സ് പോലുള്ള സൈറ്റുകള്‍ വഴി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ രാജസ്ഥാനില്‍ സജീവമാണെന്നാണ് അവിടുത്തെ പൊലീസ് അറിയിച്ചത്.
No comments
Post a Comment