വാടക കെട്ടിടത്തിന് വിട; 30 വർഷത്തെ കാത്തിരിപ്പിന് സ്വപ്ന സാക്ഷാത്കാരം: മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിന് സ്വന്തം കെട്ടിടം
മട്ടന്നൂർ:
വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമായി മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫിസിനു സ്വന്തം കെട്ടിടമായി. ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ എന്നിവർ മുഖ്യാതിഥികളായിരിക്കും.
തലശ്ശേരി റോഡിൽ വാട്ടർ അതോറിറ്റി ഓഫിസിനു സമീപമാണ് ഒരു കോടിയോളം രൂപ മുടക്കി എക്സൈസ് ഓഫിസിന് ഇരുനില കെട്ടിടം പണിതത്. 30 വർഷത്തോളമായി മട്ടന്നൂരിന്റെ വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസാണ് ഈ മാസം മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.
നെല്ലൂന്നി, മരുതായി റോഡ്, കോടതിക്ക് സമീപം എന്നിവിടങ്ങളിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് ഇപ്പോൾ പാലോട്ടുപള്ളി – കല്ലൂർ റോഡിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ജലസേചന വകുപ്പിന്റെ 10 സെന്റ് സ്ഥലം കെട്ടിടം പണിയാൻ എക്സൈസിന് കൈമാറുകയായിരുന്നു.
No comments
Post a Comment