കോഴിക്കോട് "ബീച്ച് ജനറൽ ആശുപത്രിയുടെ "വികസനത്തിന് കിഫ്ബിയിൽ നിന്നും 86 കോടി രൂപ അനുവദിച്ചു.
കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി നേരത്തെ ആവിഷ്കരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിശദമായ പദ്ധതി രൂപരേഖ പ്രകാരമാണ് പണം അനുവദിച്ചത്.
കോഴിക്കോട് ജില്ലയുടെ ചരിത്രത്തിൽ ഒരു ആശുപത്രി വികസനത്തിന് അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്. സാധാരണക്കാരും പാവപ്പെട്ട ആളുകളും ആശ്രയിക്കുന്ന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രി ഏറെക്കാലമായി കൊതിക്കുന്ന വികസനം ഇതോടെ യാഥാർഥ്യമാകുമെന്ന് ഉറപ്പായി. ഈ 86 കോടി രൂപ വിനിയോഗിച്ച് സർജിക്കൽ ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, അമിനിറ്റി ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് നടക്കാൻ പോകുന്നത്. സർജിക്കൽ ബ്ലോക്ക് 8 നിലകളിലായി 17062 ചതുരശ്ര മീറ്റർ വിസ്തൃതിയിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മൂന്നു നിലകളിലായി 1221 ചതുരശ്ര മീറ്റർ വിസ്തൃതിയിലും അമിനിറ്റി ബ്ലോക്ക് രണ്ടു നിലകളിലായി 2080 ചതുരശ്രമീറ്റർ വിസ്തൃതിയിലുമാണ് നിർമ്മിക്കുന്നത്.
സർജിക്കൽ ബ്ലോക്കിന്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗം CT, MRI സ്കാനുകൾ കൾക്കുള്ള സൗകര്യം,എമർജൻസി ഓപ്പറേഷൻ തീയേറ്റർ, 12 കിടക്കകൾ ഉള്ള ഒബ്സർവേഷൻ റൂം, മോർച്ചറി എന്നിവ പ്രവർത്തിക്കും.
1,2,3,4,നിലകളിൽ ഓരോ നിലകളിലും 6 കിടക്കകൾ വീതമുള്ള 10 വീതം വാർഡുകൾ ഉണ്ടാകും. അതായത് ആകെ 40 വാർഡുകളിലായി 240 കിടക്കകൾ ഉണ്ടാകും. ഇതിനു പുറമെ ഈ 4 നിലകളിലായി 36 പേ വാർഡുകളും പ്രവൃത്തിക്കും. അഞ്ചാം നില പൂർണമായി ICU സൗകര്യങ്ങൾക്ക് വേണ്ടിയാണ്. 10 വീതം കിടക്കകൾ ഉള്ള 2 വീതം ഐ സി യു കൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിലയിൽ സജ്ജീകരിക്കും. ഏഴാം നിലയിൽ ഓപ്പറേഷൻ തീയേറ്റർ കോപ്ലക്‌സാണ് ഒരുക്കുന്നത്. ഇവിടെ 6 ഓപ്പറേഷൻ തീയേറ്ററുകളും അനുബന്ധമായി 10 കിടക്കകൾ വീതമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും ഒരുങ്ങും. ഇതിനു പുറമെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള ഡോർമെറ്ററിയും ഈ നിലയിൽ ഉണ്ടാകും.എട്ടാം നിലയിൽ ലബോറട്ടറി കോംപ്ലക്‌സും സ്റ്റെറിലൈസേഷൻ യൂണിറ്റും സജ്ജീകരിക്കും. കെട്ടിടത്തിലെ എട്ടു നിലകളെയും ബന്ധിപ്പിക്കുന്ന 6 ലിഫ്റ്റുകളും ഒരുക്കും.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ആശുപത്രി ഓഫീസ്, സൂപ്രണ്ടിന്റെ ഓഫീസ് എന്നിവക്ക് പുറമെ മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറിയും കോൺഫറൻഡ് ഹാളും ആണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഫുഡ് കോർട്ട്, സൂപ്പർ മാർക്കറ്റ്, നീതി, കാരുണ്യ മെഡിക്കൽ സ്റ്റോറുകൾക്കായുള്ള സ്ഥലം, രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനുള്ള ഡോർമിറ്ററി എന്നിവ അടങ്ങുന്നതാണ് അമിനിറ്റി ബ്ലോക്ക്.
പ്രശസ്ത ആർക്കിറ്റെക് N M സലീം രൂപകൽപ്പന ചെയ്ത കെട്ടിട സുച്ചയത്തിന്റെ നിർമാണം " ഇൻകെൽ" ന്റെ നേതൃത്വത്തിലാണ് നടക്കുക.
ഇതിന്റെ തുടർച്ചയായി പഴയ ആശുപത്രി കെട്ടിടത്തിന്റെ പ്രൗഢി നിലനിർത്തുന്ന രൂപത്തിലുള്ള സംരക്ഷണ പ്രവർത്തി, ഡോക്ടർമാർക്കും നഴ്സുമാർക്കുള്ള ഉള്ള ക്വർട്ടേഴ്‌സ് നിർമാണം എന്നീ കാര്യങ്ങൾ കൂടെ യാഥാത്ഥ്യമാക്കണം.
ബീച്ച് ആശുപത്രിയുടെ വികസനത്തിനായി സമർപ്പിച്ച വൻ പദ്ധതിക്ക് അംഗീകാരം നൽകിയതിന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ,ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ആരോഗ്യ മന്ത്രി ശ്രീമതി കെ. കെ. ശൈലജ ടീച്ചർ എന്നിവരോട് എല്ലാ കോഴിക്കോട്ടുകാരുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു.
ഈപ്രവൃത്തികൾ പൂർത്തീകരിക്കുന്നതോട് കൂടി ആതുര ശുശ്രൂഷാ രംഗത്തെ അനുപമമായ ഒരു മാതൃകയാവും നമ്മുടെ ബീച്ച് ആശുപത്രി
No comments
Post a Comment