തളിപ്പറമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
മലപ്പുറം എം.എസ്.പി. കാമ്പിലെ എസ്.ഐ. തളിപറമ്പ കുറ്റിക്കോൽ ശാന്തിനഗറിലെ എ.മനോജ്കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് 19-ന് രാവിലെ പതിനൊന്നോടെ മലപ്പുറത്തെ ക്വാർട്ടേഴ്‌സിലാണ് മനോജ്കുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളൊന്നുമില്ലെന്ന് ഭാര്യ ടി.വി. വിദ്യ പറഞ്ഞു. തലേദിവസം ഡ്യൂട്ടികഴിഞ്ഞ് മറ്റു പോലീസുകാർക്കൊപ്പം ഭക്ഷണം കഴിച്ച് പിരിഞ്ഞതായിരുന്നു. രാവിലെ വീട്ടിൽ വിളിച്ചിരുന്നു. 28-ന് വരുമെന്നും പറഞ്ഞു.സംസാരത്തിൽ മറ്റു സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. സംഭവദിവസം രാവിലെ 10-നും 10.30-നും ഇടയിലുണ്ടായ കാരണങ്ങളാണ് മരണത്തിലേക്കെത്തിച്ചതെന്നും വിദ്യ പറഞ്ഞു.
മരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി സംശയിക്കുന്നത് ഒരു ഉയർന്ന ഉദ്യോഗസ്ഥനുവേണ്ടി മൂന്നു ലക്ഷം രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ടതാണെന്നും വീട്ടുകാർ ആരോപിച്ചു. മേലുദ്യോഗസ്ഥൻ സൗഹൃദം നടിച്ച് നിർബന്ധിച്ച് വായ്പയെടുപ്പിരുന്നുവെന്നും തിരിച്ചടയ്ക്കാത്തതുകാരണം മനോജ്കുമാറിന്റെ ശമ്പളത്തിൽനിന്നാണ് 31 മാസമായി തുക പിടിക്കുന്നതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
എസ്.ഐ.യെ അപായപ്പെടുത്തിയതായിരിക്കാമെന്നും വീട്ടുകാർ സംശയിക്കുന്നുണ്ട്. എഫ്.ഐ.ആർ. അവ്യക്തമാണ്. മനോജ്കുമാറിന്റെ സഹോദരൻ എ.ചന്ദ്രൻ, മകൻ എ.അഭിലാഷ്, ബന്ധു കെ.രവീന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
No comments
Post a Comment