ഇരുചക്രവാഹന യാത്ര; ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും: മോട്ടോര്‍ വാഹന വകുപ്പ്
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തില്‍ പിഴ തുക 500 രൂപയായി കുറച്ചിരുന്നു. അതേസമയം, മോട്ടോര്‍ വാഹന നിയമത്തിന്റെ 200 -ാം വകുപ്പ് (2) ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്ബൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍, ഡ്രൈവര്‍ റിഫ്രഷര്‍ ട്രെയിനിംഗ് കോഴ്‌സ്, കമ്മ്യൂണിറ്റി സര്‍വ്വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്നും ഡ്രൈവര്‍മാരെ ഒഴിവാക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ 206-ാം വകുപ്പ് (4) -ാം ഉപവകുപ്പ് പ്രകാരം 2020 ഒക്ടോബര്‍ 1 മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത് വരുന്നത് കണ്ടാല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ അധികാരികള്‍ക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചു കൊടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.
No comments
Post a Comment