തീവണ്ടികളിലെ പാഴ്‌സൽ വാനിൽനിന്ന് കവർച്ച; സംഘത്തലവൻ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ:
തീവണ്ടികളിലെ പാഴ്‌സൽ വാനിൽ അയക്കുന്ന തുണിത്തരങ്ങൾ കൊള്ളയടിക്കുന്ന സംഘത്തിന്റെ തലവൻ അറസ്റ്റിൽ. മുംബൈ ഘാട്കോപ്പർ ആസാദ് നഗറിലെ മൊഹിദ്ദീൻ മെഹബൂബ് സയ്യിദാ(55)ണ് അറസ്റ്റിലായത്. കണ്ണൂർ ആർ.പി.എഫിന്റെ പ്രത്യേക അന്വേഷണസംഘമാണ് മുംബൈയിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തത്.
സംഘത്തിലെ പ്രധാനി മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസിനെ (28) സെപ്റ്റംബർ 15-ന് ആർ.പി.എഫ്. മഡ്‌ഗോവയിൽനിന്ന് സാഹസികമായി പിടിച്ചിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരമനുസരിച്ചാണ് ആർ.പി.എഫ്. ഇൻസ്പെക്ടർ പി.വിജയകുമാറിന്റെ നേതൃത്വത്തിൽ സംഘത്തലവനെ പിടികൂടിയത്. മുംബൈ കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം പ്രതിയെ തലശ്ശേരി സി.ജെ.എം. കോടതിയിൽ ഹാജരാക്കി.
കൊള്ളസംഘത്തിലെ രണ്ട് ഗോവ സ്വദേശികൾ പിടിയിലാകാനുണ്ടെന്ന് ഇൻസ്പെക്ടർ പി.വിജയകുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ എ.പി.ദീപക്, സീനിയർ സി.പി.ഒ. കെ.വി.മനോജ് കുമാർ, ടി.പി.ബിനീഷ്, സി.പി.ഒ.മാരായ അബ്ദുൾ സത്താർ, ദേവരാജ്, ശ്രീകാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി 35 കവർച്ചക്കേസുകളിൽ പ്രതിയാണ് മൊഹിദ്ദീൻ മെഹബൂബ് സയ്യിദ്. ഒരുവർഷത്തിനിടയിൽ സൂറത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാർഗം കയറ്റി അയച്ച 15 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ ഇവർ കൊള്ളയടിച്ചു. ഈ പരാതിയിലാണ് കണ്ണൂർ ആർ.പി.എഫ്. സംഘം അന്വേഷണം തുടങ്ങിയത്. പാലക്കാട് ആർ.പി.എഫ്. ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മനോജ് കുമാറിന്റെ നിർദേശപ്രകാരം സംഘം ഗോവ, മുംബൈ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിയത്.
ഗോവയ്ക്കടുത്തുള്ള സവുന്ദാപ്പടി പ്രദേശത്ത് ക്യാമ്പ് ചെയ്ത് മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസിനെ പിടിച്ചു. വണ്ടി രത്നഗിരിക്കും ഗോവയ്ക്കും ഇടയിലെത്തുമ്പോഴാണ് സംഘം കാത്തിരുന്ന് മോഷ്ടിക്കുക. തിരക്കില്ലാത്ത സ്ഥലങ്ങളിൽ വണ്ടി സിഗ്നൽ കാത്തുനിൽക്കുമ്പോൾ പാഴ്‌സൽ വാനിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കയറും. ഉള്ളിലെ സാധനങ്ങൾ പാളത്തിനരികെ ഇടും. പിന്നീട് ഇവ കടത്തും. കണ്ണൂരിൽ നാല് കേസുകളാണ് രജിസ്റ്റർചെയ്തത്.
No comments
Post a Comment