പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍
തിരുവനന്തപുരം:
സംസ്ഥാനത്ത് പ്ലസ് വണ്ണിന്റെ ഓൺലൈൻ ക്ലാസുകൾ നവംബർ രണ്ടിന് ആരംഭിക്കും. പ്ലസ് വൺ പ്രവേശനം പൂർത്തിയായതിനെ തുടർന്നാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം. പല പ്ളാറ്റ് ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ലാസുകൾ firstbell.kite.kerala.gov.in എന്ന ഒറ്റ പോർട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലസ് വൺ ക്ലാസുകൾ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ 45ലക്ഷം കുട്ടികൾ ഓൺലൈൻ ക്ലാസുകളുടെ ഭാഗമാവുകയാണ്. തുടക്കത്തിൽ രാവിലെ ഒമ്പതര മുതൽ പത്തര വരെ രണ്ട് ക്ലാസുകളാണ് പ്ലസ് വണ്ണിന് ഉണ്ടാവുക. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ ഭാഷാ വിഷയങ്ങൾക്കുമായി അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തും. എല്ലാ മീഡിയത്തിലെ ക്ലാസുകളും ഇനി ഒറ്റ പോർട്ടലിൽ ലഭ്യമാകും. ജൂൺ ഒന്നു മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തു വരുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ക്ലാസ് മുറികൾക്ക് പകരമാകില്ലെങ്കിലും പഠനവിടവ് നികത്താൻ കഴിയുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
No comments
Post a Comment