യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. ജോസ് കെ മാണി ഇടത് ക്യാമ്പിലെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടും യുഡിഎഫില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും.
ഒപ്പമുണ്ടായിരുന്ന ജോസ് കെ മാണി ഇടത് ക്യാമ്പിലേക്ക് പോയത് മുന്നണിയെ ബാധിക്കില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമെന്ന വിലയിരുത്തലാണ് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. വെല്‍ഫെയറുമായി പ്രാദേശികമായി പോലും സഹകരിക്കുന്നതിനെതിരെ സമസ്ത പരസ്യമായി രംഗത്തു വന്നതോടെ ലീഗ് നേതൃത്വവും സമ്മര്‍ദ്ദത്തിലാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിലടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്കയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. നേതാക്കള്‍ നേരിട്ടും ഓണ്‍ലൈനിലുമായി യോഗത്തിൽ പങ്കെടുക്കും.
ഇടതു മുന്നണിയില്‍ നിന്നും പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി പിണങ്ങി വന്നാല്‍ ഒപ്പം ചേര്‍ക്കണമെന്ന ധാരണ കോണ്‍ഗ്രസിലുണ്ട്. ഈ വിഷയവും ഇന്ന് ചര്‍ച്ചയായേക്കും. യുഡിഎഫ് യോഗത്തിനു ശേഷം പുതുതായി നിയമിച്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗവും ചേരും.
No comments
Post a Comment