Header Ads

  • Breaking News

    സ്‌കൂള്‍ തുറന്നാല്‍ ആദ്യം എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകള്‍ ?; വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം



    തിരുവനന്തപുരം : 

    സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. പൊതുവിദ്യാലയങ്ങള്‍ തുറക്കുമ്ബോള്‍ ക്ലാസും പഠനവും എങ്ങനെ വേണമെന്ന് പരിശോധിക്കാന്‍ സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതി കരട് റിപ്പോര്‍ട്ടില്‍ തിങ്കളാഴ്ച അവസാനവട്ട ചര്‍ച്ച നടത്തി.

    സമിതി അംഗങ്ങള്‍ ഒടുവില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് കൈമാറുക. സ്‌കൂള്‍ തുറക്കുമ്ബോള്‍ എങ്ങനെ അധ്യയനം സാധ്യമാക്കാം, സിലബസ് ചുരുക്കാതെ പാഠഭാഗങ്ങള്‍ എങ്ങനെ വിദ്യാര്‍ഥികളിലെത്തിക്കാം തുടങ്ങിയ കാര്യങ്ങളാണ് സമിതി വിലയിരുത്തിയത്. സ്‌കൂള്‍ തുറന്നാല്‍ ആദ്യം 10,12 ക്ലാസിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച്‌ വിദഗ്ധ സമിതി വിലയിരുത്തിയതായാണ് സൂചന.

    ക്ലാസിലെ ഒരു നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അധ്യാപകരില്‍നിന്ന് നേരിട്ട് സംശയനിവാരണം നടത്താം. സാഹചര്യം കൂടുതല്‍ അനുകൂലമാകുമ്ബോള്‍ നിശ്ചിത വിദ്യാര്‍ഥികളെവച്ച്‌ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകളും പരിഗണിക്കാമെന്നാണ് സമിതിയുടെ കണക്കുകൂട്ടല്‍. ഒമ്ബതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് കേന്ദ്ര അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടാതെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കില്ല.

    എസ്‌എസ്‌എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണ് പ്രഥമ പരിഗണന, പിന്നാലെ ഒമ്ബത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ എസ്‌സിഇആര്‍ടിയും സമഗ്രശിക്ഷാ കേരളയും തയ്യാറാക്കി വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍കൂടി നല്‍കണമെന്നും വിദഗ്ധ സമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് നേരത്തെ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad