Header Ads

  • Breaking News

    ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ



    ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാൽ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി അരുണിന്‍റെ സിംഗിൾ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.

    സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്റേയും യുണിടാക്കിന്റേയും ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. റെഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഫണ്ട് കൈമാറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ പ്രഥമ ദൃഷ്ട്യാ അഴിമതിയുണ്ടെന്നായിരുന്നു സിബിഐ വാദം

    വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ റെഡ് ക്രസന്‍റ് പണം നല്‍കിയത് യൂണിടാകിനാണ്. സര്‍ക്കാരോ, ലൈഫ് മിഷനോ ഈ ഇടപാടില്‍ കക്ഷിയല്ല. അതുകൊണ്ട് തന്നെ എഫ്സിആർഎ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി.ജോസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി യൂണിടാകും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

    രണ്ടു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ലൈഫ് ഇടപാടില്‍ വിദേശ സംഭാവന ചട്ടത്തിന്‍റെ പ്രത്യക്ഷമായ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചു. എന്നാൽ ഇടപാട് FCRA നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്ന് സിബിഐ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി.

    No comments

    Post Top Ad

    Post Bottom Ad