പ്രതിഷേധം ശക്തിപ്പെടുന്നു : പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ ഇല്ലാതാക്കാൻ നീക്കം
പാപ്പിനിശ്ശേരി:
പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനോട് റെയിൽവേ തുടരുന്ന അവഗണയിൽ പ്രതിഷേധം ശക്തിപ്പെടുന്നു. തളിപ്പറമ്പ് റോഡ് സ്റ്റേഷൻ അഥവാ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് നിരവധി പ്രതാപകാല ചരിത്രങ്ങൾ പറയാനുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ തീ ചൂളയിൽ ഡോ. ബാബു രാജേന്ദ്രപ്രസാദ് മുതൽ നിരവധി നേതാക്കൾ ജനങ്ങളെ അഭിസംബോധനചെയ്യാൻ ഇറങ്ങിയ സ്റ്റേഷൻ, പ്ലൈവുഡ്, ചകിരി ഉത്‌പന്നങ്ങൾ പതിറ്റാണ്ടുകളോളം കയറ്റി അയച്ച സ്റ്റേഷൻ തുടങ്ങി ഈ സ്റ്റേഷന്റെ പെരുമകൾ ഏറെയാണ്.
പക്ഷെ ഇന്ന് ഈ സ്റ്റേഷൻ അവഗണനയുടെ പടുകുഴിയിലാണ്. പുതിയ തീരുമാനമനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ ഇനിമുതൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ ഏജൻറുമാർ മുഖേന മാത്രമായിരിക്കും ടിക്കറ്റ് വിൽപ്പന. റെയിൽവേ ജീവനക്കാരുടെ സേവനം ഇതോടെ സ്റ്റേഷനിൽനിന്ന് പൂർണമായി ഇല്ലാതാകും. ഒപ്പം കമ്മിഷൻ വ്യവസ്ഥയിൽ നിലവിൽ പ്രവർത്തിക്കുന്ന നിരവധി സ്റ്റേഷനുകളോടൊപ്പം പാപ്പിനിശ്ശേരിയും ഘട്ടം ഘട്ടമായി ഒരു ഹാൾട്ട് സ്റ്റേഷൻ മാത്രമായി കൂപ്പുകുത്തും.
ജില്ലയിലെ മലയോരങ്ങളിലേക്കുള്ള കുടിയേറ്റ ജനവിഭാഗം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഏറ്റവും കൂടുതൽ ആശ്രയിച്ച സ്റ്റേഷൻ കൂടിയാണിത്. 1907 ൽ നിലവിൽവന്ന ഈ സ്റ്റേഷൻ ഇപ്പോഴും മംഗളൂരുവിനെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളും വിദ്യാർഥികളും ആശ്രയിക്കുന്ന പ്രധാന സ്റ്റേഷൻകൂടിയാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനക്കെതിരേ ജനകീയ പ്രതിഷേധം ശക്തമായി ഉയരുകയാണ്.
No comments
Post a Comment