സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം; രജിസ്റ്റര്‍ ചെയ്യരുതേ… തട്ടിപ്പാണ്
ഇന്നലെ മുതല്‍ പലരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സ്റ്റാറ്റാസിലൂടെ പണമുണ്ടാക്കാം, ദിവസവും 500 രൂപ നേടാന്‍ അവസരം എന്നെല്ലാമാണ് പലരും സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ഒന്നും ചിന്തിക്കാതെ പലരും ഈ സ്റ്റാറ്റസ് കോപ്പി ചെയ്യുകയും നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ വലിയൊരു തട്ടിപ്പിന്റെ ഭാഗമാണ് ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ ‘ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ’ എന്നാണ് കാണാനാവുക. കേരളത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണം നേടൂ എന്നാണ് പരസ്യം., ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരോട് ഫോണ്‍ നമ്പരും ജില്ലയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഒപ്പം കുറച്ച് നിര്‍ദേശങ്ങളും നല്‍കും. നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിക്കുന്ന വ്യൂവിസിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണ്, 30 ല്‍ കുറവ് വ്യൂ ഉള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാവുന്നതാണ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം വഴി മാത്രമേ പണം പിന്‍വലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വെബ് സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവെങ്കിലും ഡീറ്റെയിൽസ് ഹിഡനാണെന്നും തട്ടിപ്പുകാരാണ് ഇത്തരത്തിൽ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യാറുള്ളതെന്നും സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. പാട്ടത്തിൽ ധന്യാമേനോൻ പറഞ്ഞു. കേരളാ ഓൺലൈൻ വർക്ക് എന്ന വെബ് സൈറ്റിന്റെ ബാക്ക് അഡ്രസ് യൂസ് ചെയ്താ ണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
ബാങ്കിംഗ് തട്ടിപ്പുകൾക്കായി ആകാം ഇത്തരത്തിലുള്ള രീതി ഉപയോഗിക്കുന്നത്. രജിസ്റ്റർ ചെയ്തവരോട് മൊബൈൽ നമ്പറും ജില്ലയും മാത്രമാണ് ആവശ്യപെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഇത് ഏത് തരത്തിലുള്ള തട്ടിപ്പിനാണ് ഉദ്ദേശിക്കുന്നതെന്ന് കാത്തിരിക്കേണ്ടിവരുമെന്നും ഡോ. ധന്യാമേനോൻ പറഞ്ഞു.
No comments
Post a Comment