Header Ads

  • Breaking News

    കെ. എം ഷാജി വധഭീഷണി പരാതി ഉന്നയിച്ച പാപ്പിനിശേരി സ്വദേശി കടന്നു കളഞ്ഞെന്ന് പൊലീസ്





    കെ.എം ഷാജി എം.എൽ.എയ്‌ക്കെതിരെ വധഭീഷണിയുണ്ടായെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് ആരോപിക്കപ്പെടുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശി തേജസ് വീട്ടിൽ നിന്ന് കടന്ന് കളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. മുംബെയിലുളള ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

    കണ്ണൂർ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാൻ കൊട്ടേഷൻ നൽകിയതെന്നാണ് കെ.എം ഷാജി എം.എൽ.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാൾ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. 


    വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടിൽ നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ മൊഴി. രണ്ട് ദിവസമായി ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടുകാരും ബന്ധുക്കളുമടക്കമുള്ളവരിൽ നിന്ന് വളപട്ടണം പൊലീസ് മൊഴിയെടുത്തു. ഇയാൾ സജീവ രാഷട്രീയ പ്രവർത്തകനല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പത്ത് വർഷത്തിലധികമായി ഗൾഫിൽ ജോലി ചെയ്യുന്ന തേജസിന് നാട്ടിൽ അടുത്ത സുഹൃത്തുക്കളില്ല. 


    എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു പഠിച്ചത്. തേജസ് മുംബൈയിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും സംസ്ഥാനത്ത് നിലവിലില്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്താനായി രണ്ട് തവണ വളപട്ടണം പൊലീസ് കെ.എം ഷാജിയെ ബന്ധപ്പെട്ടെങ്കിലും എം.എൽ.എ അസൗകര്യം അറിയിച്ചതായും പൊലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad