Header Ads

  • Breaking News

    വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍



    ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൂറാം വയസിന്റെ നിറവിലെത്തുമ്പോൾ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റായ വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളില്‍ സജീവമല്ല. സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍

    കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങള്‍ പിറവിയെടുത്ത ആലപ്പുഴയുടെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ല്‍ ഒക്‌ടോബര്‍ 20ന് ജനിച്ചു. നാല് വയസുളളപ്പോള്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി.

    ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ കുറേക്കാലം ജോലി ചെയ്തു. തുടര്‍ന്ന് കയര്‍ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വിഎസിലെ നേതാവ് ജനിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. രണ്ട് വര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വിഎസ് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി.

    ചരിത്രതാളുകളില്‍ ഇടംപിടിച്ച 1946ലെ പുന്നപ്ര-വയലാര്‍ സമര നായകന്മാരില്‍ ഒരാളായിരുന്നു വിഎസ്. പുന്നപ്ര വെടിവയ്പിന് ശേഷം പൂഞ്ഞാറില്‍ നിന്ന് വിഎസ് പൊലീസ് പിടിയിലായി. ക്രൂരമായ മര്‍ദ്ദനമാണ് ജയിലില്‍ വിഎസിന് നേരെ പൊലീസ് അഴിച്ചുവിട്ടത്. ജയിലഴിക്കുളളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച്‌ ലാത്തികൊണ്ട് കെട്ടി തല്ലി ചതച്ചു. ബോധം നശിച്ച വിഎസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. പാദം തുളച്ച്‌ കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും ആ കാലുകളിലുണ്ട്. തുടര്‍ന്ന് പനി പിടിച്ച്‌ പൂര്‍ണമായും ബോധം നശിച്ച വിഎസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജീവന്‍ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കളളനാണെന്ന് പലതവണ അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്.

    പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അജയ്യനായി വളര്‍ന്ന വിഎസ് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad