Header Ads

  • Breaking News

    വെഡിങ് ഫോട്ടോ ഷൂട്ടുകളെ ലക്ഷ്യം വെച്ച് ഹാക്കര്‍മാര്‍; സൂക്ഷിച്ചാൽ ദുഖിക്കേണ്ട…



     കല്യാണമെന്നു പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നത് ഫോട്ടോ ഷൂട്ടുകളാണ്. സിനിമയെ വെല്ലുന്ന പ്രണയ രംഗങ്ങളാണ് ഇന്ന് വെഡിങ് ഷൂട്ടുകളിൽ നിറഞ്ഞുനിൽക്കുന്നത്. വെള്ളത്തിൽ ചാടുന്ന നായികാനായകന്മാർക്കൊപ്പം ക്യാമറയും കൂടെച്ചാടി ചിത്രീകരിക്കുന്ന ആ വിഡിയോ, എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ടാ‌ൽ എന്തു ചെയ്യും? പ്രീ വെഡിങ് ഷൂട്ട് വീണ്ടും നടത്താമെന്നുതന്നെ കരുതുക; കല്യാണച്ചടങ്ങ് റിപ്പീറ്റടിക്കാനാകുമോ!

    ‘കാൻഡിഡ്’ നിമിഷങ്ങളടങ്ങിയ ഫോട്ടോ ആൽബത്തിനും കിട്ടും ഈ പണി. എന്നാൽ സ്റ്റുഡിയോക്കാരെ തല്ലിയിട്ടു കാര്യമില്ല. യഥാർഥ പ്രതികളെ തല്ലാൻ നമുക്കു കഴിയുകയുമില്ല. കടലിനക്കരെയുള്ള ഏതോ രാജ്യത്തിരുന്ന് കേരളത്തിലെ സ്റ്റുഡിയോക്കാരുടെ കംപ്യൂട്ടറുകൾ ലോക്ക് ചെയ്യുന്ന വില്ലന്മാരാണവർ.

    വൻകിട കമ്പനികളിൽനിന്നു പണം തട്ടിയെടുക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്ന റാൻസം‌വെയറുകൾ ഉപയോഗിച്ചു കേരളത്തിലും വ്യാപക സൈബർ ആക്രമണം നടക്കുകയാണ്. ഫയലുകൾ തുറക്കാനോ ഹാക്കർമാർ ആരാണെന്നു കണ്ടെത്താനോ ഇതുവരെ കേരള പൊലീസിന്റെ സൈബർ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല.

    തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്നതിനെയാണു റാൻസം മണി (മോചനദ്രവ്യം) എന്നു പറയുന്നത്. റാൻസം വെയറും ഇതിനു സമാനമാണ്. നമ്മുടെ കംപ്യൂട്ടറിലുള്ള ഫയലുകളോ കംപ്യൂട്ടർ മൊത്തമായോ ലോകത്തിന്റെ ഏതോ കോണിലുള്ള ഹാക്കർ പൂട്ടും. തുറക്കണമെങ്കിൽ, ഹാക്കറുടെ കയ്യിലുള്ള കീ പണം കൊടുത്തു വാങ്ങണം. ഇല്ലെങ്കിൽ, ആ ഫയലുകൾ ഒരിക്കലും തുറക്കാൻ കഴിയില്ല.

    പൂട്ടിയ ഫയലുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ, ഒരു ടെക്സ്റ്റ് സന്ദേശമാണു തുറന്നുവരിക. ഫയലുകൾ ലോക്ക് ചെയ്തിരിക്കുകയാണെന്നും എന്നാൽ, അവ സുരക്ഷിതമാണെന്നും ഭീതി വേണ്ടെന്നും സന്ദേശത്തിലുണ്ടാകും. ഫയലോ കംപ്യൂട്ടറോ തുറക്കാനുള്ള കീ ലഭിക്കണമെങ്കിൽ നിശ്ചിത തുക (ബിറ്റ്കോയിൻ ആയോ യുഎസ് ഡോളർ ആയോ) നൽകണമെന്ന നിർദേശവും കാണും.1000 യുഎസ് ഡോളർ വരെയാണു ഹാക്കർമാർ കേരളത്തിലെ സ്റ്റുഡിയോ ഉടമകളോട് ആവശ്യപ്പെട്ടത്. ഒരു പൈസ പോലും നൽകരുതെന്നാണു സൈബർ പൊലീസ് പറയുന്നത്. പണം നൽകിയാലും ഫയലുകൾ തിരിച്ചു കിട്ടുമെന്നു തീരെ ഉറപ്പില്ല.

    ജാഗ്രത പാലിക്കണം

    • അനൗദ്യോഗിക സോഫ്റ്റ്‌വെയറുകൾ (ക്രാക്ഡ് സോഫ്റ്റ്‌വെയർ) ഡൗൺലോഡ് ചെയ്യാതിരിക്കുക.
    • പ്രധാനപ്പെട്ട ഫയലുകളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളിലും നിർബന്ധമായും സൂക്ഷിക്കുക (ബാക്കപ്). കംപ്യൂട്ടറിനു തകരാറുണ്ടായാലും ഫയലുകൾ തിരിച്ചെടുക്കാം.
    • സുപ്രധാനമായ ഫയലുകൾ സൂക്ഷിക്കുന്ന കംപ്യൂട്ടറുകൾ ഇന്റർനെറ്റുമായി കഴിവതും ബന്ധിപ്പിക്കാതിരിക്കുക.
    • പെൻ ഡ്രൈവുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കുക.
    • ഓപ്പറേറ്റിങ് സിസ്റ്റവും സുരക്ഷാ സോഫ്റ്റ്‌വെയറുകളും കാലാകാലം പുതുക്കുക.
    • അപരിചിത ഇ മെയിലുകളും ലിങ്കും ആപ്പും തുറക്കുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക.
    • സോഫ്റ്റ്‌വെയറുകളും ആന്റിവൈറസ് ഫയർവോളുകളും കൃത്യമായി പുതുക്കണം.

    No comments

    Post Top Ad

    Post Bottom Ad