പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡിനെതിരെ വീണ്ടും പരാതി
പയ്യന്നൂർ:
പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപത്ത് പൂട്ടിക്കിടക്കുന്ന അമാൻ ഗോൾഡ് ജ്വല്ലറിക്കെതിരേ വീണ്ടും പരാതി. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി കെ.പി കുഞ്ഞാമിന (65) നൽകിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. 2016 ഒക്ടോബർ 19ന് അമാൻ ഗോൾഡിലേക്ക് നിക്ഷേപമായി നൽകിയ നാല് ലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. ഇതുവരെ 16 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം, അമാൻ ഗോൾഡ് മാനേജിങ് ഡയരക്ടർ രാമന്തളി വടക്കുമ്പാട്ടെ പി.കെ മൊയ്തു ഹാജി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കൂടാതെ എട്ട് ഡയരക്ടർമാർ കൂടി സ്ഥാപനത്തിലുണ്ട്. ഇതിൽ ഒരാൾ നാട് വിട്ടതായും മറ്റുള്ളവർ വിദേശ രാജ്യങ്ങളിൽ ബിസിനസ് നടത്തുന്നതായും സൂചനയുണ്ട്. ഇതുവരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ അഞ്ഞൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്. വിദേശത്തു നിന്നും ഏഴ് പരാതികളുമുണ്ട്.
തുടക്കത്തിൽ സ്ഥാപനത്തിനെതിരേ മൂന്ന് പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എം.സി കമറുദ്ദീൻ എം.എൽ.എ അറസ്റ്റിലായ ഫാഷൻ ഗോൾഡ് തട്ടപ്പിനു സമാനമായ രീതിയിലാണ് അമാൻ ഗോൾഡ് തട്ടിപ്പും നടന്നിരിക്കുന്നത്. ജ്വല്ലറി തുടങ്ങുന്നതിനു മുമ്പായി നിക്ഷേപകരിൽ നിന്ന് വൻതോതിൽ പണം വാങ്ങി പിന്നീട് സ്ഥാപനം നഷ്ടത്തിലാണെന്നു കാണിച്ച് അടച്ചുപൂട്ടുന്നതാണ് തട്ടിപ്പിന്റെ രീതി. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധിപേർ പണം നൽകിയിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കുന്നു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ ടി.നൂറുദ്ദീൻ, പെരുമ്പയിലെ കെ.കുഞ്ഞാലിമ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി ഇബ്രാഹംകുട്ടി എന്നിവരുടെ പരാതികളിലാണ് ആദ്യം കേസെടുത്തത്
No comments
Post a Comment