‘അച്ഛന്റെ പാര്‍ട്ടിയുമായി എനിക്കൊരു ബന്ധവുമില്ല; ആരും ചേരരുത്’; പാര്‍ട്ടി രൂപീകരണം തള്ളി വിജയ്
തന്റെ പേരില്‍ അച്ഛന്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് തമിഴ് സൂപ്പര്‍ താരം വിജയ്. വിജയ്യുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍, പാര്‍ട്ടി രൂപീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു.
ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാനാണ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു നീക്കം. അച്ഛന്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയുമായി എനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ല. നമ്മുടെ ഇയക്കവും (ഫാന്‍ ക്ലബ്) പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്'- വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും വിജയ്യുടെ അമ്മ ശോഭയെ ട്രഷററായും കാണിച്ചാണ് അപേക്ഷ നല്‍കയിത്. നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ചന്ദ്രശേഖറാണ്. അടുത്തിടെ, വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കി ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്നുമാണ് അദ്ദഹം പറഞ്ഞത്. വിജയ്യും പിതാവും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് അന്ന് ചന്ദ്രശേഖര്‍ നിലപാടു വ്യക്തമാക്കിയത്. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.താരം രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സമീപകാലത്തിറങ്ങിയ ചിത്രങ്ങളിലും താരം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതായി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
No comments
Post a Comment