അഭിമന്യുവിന്റെ ചക്രവ്യൂഹത്തിൽ വീണ് സ്ത്രീകൾ; ഒടുവിൽ അറസ്റ്റ്
തിരുവനന്തപുരം:
സംസ്ഥാനത്ത് സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുക്കുന്ന വ്യാജസിദ്ധന് അറസ്റ്റില്‍. സമൂഹത്തിലെ കുടുംബപ്രശ്നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുളള പൂജ ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും വാങ്ങി മുങ്ങുന്ന കന്യാകുളങ്ങര പെരുങ്കൂര്‍ ഇടത്തറ ഭദ്രകാളി ദേവീ ക്ഷേത്രത്തിനു സമീപം ശ്രീനിലയം വീട്ടില്‍ അഭിമന്യു (19)വിനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസം ഉള്ള പ്രതി പൂണൂല് ധരിച്ച് ബ്രാഹ്മണന് ആണെന്നും പത്മനാഭസ്വാമിക്ഷേത്രം തന്ത്രി ആണെന്നും തെറ്റിധരിപ്പിച്ച് പത്മനാഭസ്വാമിക്ഷേത്ര പരിസരങ്ങളില്‍ തന്ത്രി വേഷത്തില്‍ കറങ്ങി നടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകള്‍ നടത്തി വരികയായിരുന്നു.
കൂടാതെ, ഇരകളെ കണ്ടെത്തുന്നതിനായി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്ന ഇയാള്‍ പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെടുന്നവരെ വാക്ചാതുരിയില് വീഴ്ത്തും. അല്ലാത്തവരോട് ഗൃഹനാഥന് അകാലമൃത്യു ഉണ്ടാകുമെന്നു പറഞ്ഞും ഭയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പരിഹാരമായി ഏലസും കര്‍മങ്ങളും ചെയ്ത് തരാമെന്നു പറഞ്ഞ് സ്വര്‍ണാഭരങ്ങളും പണവും വാങ്ങി മുങ്ങുകയാണ് ഇയാളുടെ രീതി.
എന്നാൽ വിതുര സ്വദേശിയായ ഒരു വീട്ടമ്മയില്‍ നിന്നും ഒന്നര പവന് തൂക്കം വരുന്ന മൂന്ന് സ്വര്‍ണമോതിരങ്ങളും, 13,000/ രൂപയും വാങ്ങിയതായുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് അറിഞ്ഞെത്തിയ വട്ടപ്പാറ സ്വദേശിയായ യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയില്‍ നിന്നും പൂജിക്കാനെന്ന് പറഞ്ഞ് വാങ്ങിയ 10,000ഓളം രൂപ വില വരുന്ന വെള്ളിപ്പാത്രങ്ങള്‍ പ്രതി വില്‍പ്പന നടത്തിയത് ചാലയിലെ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. ഈ സ്ത്രീയില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിപ്പ് നടത്തിയ കേസിലും റൂറലില്‍ നിന്നും ലഭിച്ച സമാനമായ പരാതികളിന്മേലും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
No comments
Post a Comment