മലബാറിൽ ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ സ്ഥാനാര്‍ത്ഥിക്ക് പകരം ഭർത്താക്കന്മാരില്ല
മലപ്പുറം:
കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് മലബാറില്‍ ഇത്തവണത്തെ പ്രചാരണം. വനിതാ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പോസ്റ്ററുകളില്‍ സ്ഥാനാര്‍ത്ഥിക്ക് പകരം വെളുക്കെ ചിരിച്ച് അഭിവാദ്യം ചെയ്ത് നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഉണ്ടായില്ല എന്നത് തന്നെയാണ് വളരെ പ്രധാനം. ഇത്തവണ വനിതകളുടെ ചിത്രങ്ങള്‍ തന്നെ എല്ലായിടത്തും ഉപയോഗിക്കുന്നു.
പോസ്റ്ററുകളില്‍ നിറഞ്ഞ സ്ത്രീകള്‍ ഇപ്പോള്‍ പ്രചാരണ രംഗത്തും സജീവമാണ്. മനോഭാവങ്ങളിലും പ്രകടമായ മാറ്റമാണ് ദൃശ്യമാകുന്നത്. എല്ലായിടത്തും സംഭവിച്ച സാമൂഹികമായ ഒരു പരിഷ്‌കരണം ഈ മേഖലയിലും സംഭവിച്ചു എന്നാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി തങ്ങളുടെ അഭിപ്രായം. കഴിവുറ്റ വനിതകള്‍ ഭരണ രംഗത്ത് മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിന്റെ ചിത്രം കൃത്രിമമായി ചേര്‍ത്ത് വനിതാസ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തുന്നു എന്നതാണ് ഇത്തവണത്തെ മറ്റൊരു കൗതുകം. ഭര്‍ത്താക്കന്മാരെ വെച്ചുള്ള പോസ്റ്ററുകള്‍ അപഹാസ്യമായി കരുതുന്ന തലത്തിലേക്ക് സാമൂഹിക മാറ്റം സംഭവിച്ചു എന്ന് വേണമെങ്കില്‍ കരുതാം.
വനിതാ സംവരണം കാരണം ഭാര്യമാര്‍ക്ക് ബാറ്റണ്‍ കൈമാറിയ ഭര്‍ത്താക്കന്മാര്‍ ചിലയിടങ്ങളിലെങ്കിലും ഭാര്യമാര്‍ക്കൊപ്പമെങ്കിലും പ്രചാരണ പോസ്റ്ററുകളില്‍ കയറിപ്പറ്റിയിട്ടുണ്ട്. എങ്കിലും സാമൂഹിക നവീകരണത്തിന്റെ സൂചനയായി തന്നെയാണ് ഈ മാറ്റത്തെ കാണാനാകുക.
No comments
Post a Comment