കൊറോണ വൈറസിന് യു.കെയിൽ മൂന്നാമതൊരു ജനിതക വകഭേദം കൂടി; കൂടുതൽ അപകടകാരിയെന്ന്
ലണ്ടൻ:
കൊറോണ വൈറസിന്‍റെ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി യു.കെയിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൊറോണ വൈറസിന്‍റെ 70 ശതമാനം വ്യാപന ശേഷിയുള്ള രണ്ടാമത് വകഭേദം യു.കെ യെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് മൂന്നാമതൊന്നു കൂടി റിപ്പോർട്ട് ചെയ്യുന്നത്.
പുതുതായി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുള്ള രണ്ട് കേസുകളാണ് യു.കെയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർ നിർബന്ധമായും ക്വാറന്‍റീനിൽ കഴിയണമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.
നിലവിലുള്ള ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കാൾ വ്യാപനശേഷി പുതിയതിനുണ്ടാകാമെന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ അതിവേഗ വ്യാപനത്തെ തുടർന്ന് ബ്രിട്ടനിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. 40ഓളം രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാനയാത്ര വിലക്കിയിരിക്കുകയാണ്.
No comments
Post a Comment