മുളകുപൊടി വിതറി എട്ടുലക്ഷം തട്ടിയെടുത്തവരിൽ ഒരാൾ അറസ്റ്റിൽ
തലശ്ശേരി:
കണ്ണിൽ മുളകുപൊടി വിതറി സ്വർണപ്പണയ ഇടപാടുകാരനിൽനിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. വാരം റുഖിയ മൻസിലിൽ അഫ്‌സൽ(27)ആണ് പിടിയിലായത്. ധർമടം ബ്രണ്ണൻ കോളേജിനുസമീപത്തെ നടുവിലത്ത് വീട്ടിൽ എ.റഹീസിന്റെ കൈവശമുണ്ടായിരുന്ന പണമാണ് കവർന്നത്. നവംബർ 16-ന് ഉച്ചയ്ക്ക് 1.20-ന് എം.ജി. റോഡിന് സമീപത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സംഭവം.
ഇവിടെയുള്ള ബാങ്കിൽ പണയസ്വർണം വിൽപ്പനയ്ക്കായി ലേലംവിളിക്കുമ്പോൾ വാങ്ങാനായാണ് റഹീസ് പണവുമായെത്തിയത്. മുഖ്യപ്രതി നൂറുൽ തങ്ങളുടെ നിർദേശപ്രകാരം ചക്കരക്കല്ലിലെ ജൂവലറി ഉടമയുടെ പണവുമായാണ് റഹീസ് എത്തിയത്. കെട്ടിടത്തിന്റെ കോണിപ്പടിയിൽവെച്ച് നൂറുൽ തങ്ങളും മൂന്നുപേരും ചേർന്ന് ബലപ്രയോഗത്തിലൂടെ പണം തട്ടിയെടുത്ത് പോസ്റ്റ് ഓഫീസ് റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. നേരിട്ട് പങ്കെടുത്ത നാലുപേരടക്കം അഞ്ച് പ്രതികളാണുള്ളത്. അറസ്റ്റിലായ അഫ്‌സൽ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തയാളാണ്.
ബുധനാഴ്ച വീടിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. കെ.സനൽകുമാർ, എസ്.ഐ. രാകേഷ് എലിയൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്‌കുമാർ, സുജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment