Header Ads

  • Breaking News

    കണ്ണൂർ കാൽടെക്‌സ്‌ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ അന്തിമ അലൈൻമെന്റായി



    കണ്ണൂർ കാൽടെക്‌സ്‌ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ അന്തിമ അലൈൻമെന്റായി. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്‌ ഒരുമാസത്തിനുള്ളിൽ സമർപ്പിക്കും. സ്ഥലമെടുപ്പിന്‌ ആവശ്യമായ നടപടിയും പൂർത്തിയാകുന്നു.  

    കണ്ണൂരിന്റെ ചിരകാല സ്വപ്‌നമായ ഫ്ലൈ ഓവർ നിർമാണത്തിന്‌ കിഫ്‌ബി 130.87 കോടി രൂപയുടെ അനുമതിയാണ്‌ നൽകിയത്‌. സർവീസ്‌ റോഡുകൾക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണിത്‌. ഫ്ലൈ ഓവറും നഗരത്തിലെ റോഡ്‌ വികസനത്തിനായുള്ള 740 കോടിയുടെ പദ്ധതികളും പൂർത്തിയാകുന്നതോടെ കണ്ണൂർ ആധുനിക നഗരങ്ങളുടെ ഗതാഗത സൗകര്യങ്ങളിലേക്കുയരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ എൽഡിഎഫ്‌ നൽകിയ വാഗ്‌ദാനത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കണ്ണൂരിലെ ഫ്ലൈ ഓവർ. സാങ്കേതിക നടപടിക്രമം പൂർത്തിയാക്കി നിർമാണത്തിലേക്ക്‌ കടക്കുന്ന പദ്ധതി കണ്ണൂരിന്റെ മുഖഛായ മാറ്റും. 

    1093 മീറ്ററിൽ ഫ്ലൈ ഓവർ

    ദേശീയപാതയിൽ എ കെ ജി ആശുപത്രി കഴിഞ്ഞ്‌ കരിമ്പ്‌ ഗവേഷണ കേന്ദ്രം മുതൽ ചേമ്പർ ഹാൾ‌വരെയാണ്‌ ഫ്ലൈ ഓവർ.  1093 മീറ്ററിലാണ്‌ ദേശീയപാതയ്‌ക്കു മുകളിലൂടെ പാലമുയരുക. കാൽടെക്‌സ്‌ ജങ്‌ഷൻ വഴിയാണ് ഫ്ലൈ ഓവർ കടന്നുപോകുന്നത്‌.‌ പത്തുമീറ്റർ വീതിയിൽ രണ്ടുവരി പാതയായിരിക്കും. ഇരുവശത്തേക്കും ഓരോ വാഹനത്തിനു കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ്‌ രൂപകൽപന. ഫ്ലൈ ഓവറിന്‌ താഴെ ഇരുവശത്തും ഏഴ്‌ മീറ്റർ വീതിയിൽ സർവീസ്‌ റോഡുകളുണ്ടാകും. രണ്ടര മീറ്റർ വീതിയിൽ ഫുട്‌പാത്തും നിർമിക്കും. ഫ്ലൈ ഓവറിന്‌ മുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ല. 35 മീറ്റർ വീതം നീളത്തിലുള്ള 25 സ്‌പാനുകളാണുണ്ടാവുക. 

    സ്ഥലമെടുക്കാൻ 58 കോടി, പരമാവധി നഷ്ടപരിഹാരം
    നിലവിലുള്ള ദേശീയപാതയുടെ സ്ഥലം മാത്രം ഉപയോഗപ്പെടുത്തി നിർദിഷ്ട ഫ്ലൈഓവർ സാധ്യമാകില്ല. 150 സെന്റ്‌ കൂടി ഇതിനായി ഏറ്റെടുക്കണം. സ്ഥലമുടമകൾക്കും പൊളിച്ചുമാറ്റേണ്ടിവരുന്ന കെട്ടിടങ്ങൾക്കും അനുവദിക്കേണ്ട നഷ്ടപരിഹാരത്തിനായി 58 കോടി രൂപയാണ്‌ വകയിരുത്തിയത്‌. കെട്ടിടത്തിനടക്കം പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കിയാകും സ്ഥലമേറ്റെടുക്കൽ. മക്കാനിയിൽ ദർഗ സംരക്ഷിക്കുന്നതിനായി എതിർവശത്താണ്‌ കൂടുതൽ സ്ഥലം ഏറ്റെടുക്കുക. ഫ്ലൈ ഓവറിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‌ നിർണയിച്ച്‌ കല്ലിട്ടിട്ടുണ്ട്‌. അക്വിസിഷൻ നടപടികളുടെ ഭാഗമായി റവന്യൂ–- കിറ്റ്‌കോ അധികൃതർ പരിശോധന നടത്തി. കിറ്റ്‌കോയാണ്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കുന്നത്‌. ആർബിഡിസികെയെയാണ്‌ നിർമാണച്ചുമതല ഏൽപിച്ചത്‌.

    No comments

    Post Top Ad

    Post Bottom Ad