കടലായിയിൽ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
തോട്ടട ബീച്ച് ഭാഗത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. വട്ടക്കുളം, തോട്ടട സ്വദേശികളായ എസ് എസ് എൽ സി വിദ്യാർഥികളായ ഫാസിൽ (16) മുഹമ്മദ് റിനാദ് (14) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു കുട്ടികൾ ഒഴുക്കിൽ പെട്ടത്. അഴിമുഖത്ത് വെള്ളം കടലിലേക്ക് ഒഴുക്കാനായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് അഴി മുറിച്ചിരുന്നതാണ് അപകട കാരണം .
അഴി മുറിച്ച ഭാഗത്ത് ഇറങ്ങിയ കുട്ടികൾ ഒലിച്ച് കടലിലേക്ക് പോയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.കാലാവസ്ഥയും കടലും പ്രതികൂലമായാൽ ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. അന്നള്ർ കടലിൽ കുട്ടികൾ ഒഴുകിപ്പോയെന്ന വിവരം നാട്ടുകാർക്ക് ആദ്യം വിശ്വസിക്കാനായില്ല. ആറ് കുട്ടികളാണ് അഴിമുഖത്തെ മുറിച്ചുമാറ്റിയ ബണ്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബണ്ട് മുറിച്ചുമാറ്റിയതിനാൽ ശക്തമായ ഒഴുക്കായിരുന്നു. കളിക്കുന്നതിനിടെ അഴിമുഖത്ത് വീഴുകയായിരുന്നു. രണ്ടുപേരും അതിവേഗത്തിൽ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. മറ്റ് കുട്ടികൾ ശബ്ദമുണ്ടാക്കിയതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്.
ഉടൻ പോലീസും അഗ്നിരക്ഷാസേനയും തീരദേശ പോലീസും സ്ഥലത്തെത്തി. നാട്ടുകാർ അതിനിടെ തിരച്ചിൽ തുടങ്ങിയിരുന്നു. തോണിയിലും സമീപത്തെ പാറക്കെട്ടിലും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സമീപത്തെ റിസോർട്ടിൽ താമസിക്കുന്ന വിദേശവനിതയും തിരച്ചിലിൽ പങ്കാളിയായി. തീരദേശ പോലീസിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന ആരോപണം നാട്ടുകാർ ഉന്നയിച്ചു. മരിച്ച മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാർഥികളാണ്. ഷറഫ് ഫാസിൽ തോട്ടട എസ്.എൻ. ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലും റിനാദ് കടമ്പൂർ ഹയർസെക്കൻഡറിയിലുമാണ് പഠിക്കുന്നത്. ഇരുവരുടെയും വീടുകൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. അപകടമുണ്ടായ തോട്ടട കടപ്പുറവും മന്ത്രി സന്ദർശനം നടത്തി. അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു
No comments
Post a Comment