ക്ലാസുകള്‍ ഓണ്‍ലൈനായി; പത്ത്, പ്ലസ് ടു ക്ലാസുകളിലെ നിരന്തര മൂല്യനിര്‍ണയം പ്രതിസന്ധിയില്‍
പത്ത്, പ്ലസ് ടു ക്ലാസുകളിലെ മൂല്യനിര്‍ണയത്തില്‍ നിര്‍ണായകമായ നിരന്തര മൂല്യനിര്‍ണയം പ്രതിസന്ധിയില്‍. ക്ലാസുകള്‍ ഓണ്‍ലൈനായതോടെ നിരന്തരമൂല്യനിര്‍ണയം എങ്ങനെ നടത്തുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് അധ്യാപകര്‍. ഇതില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരും തയാറായിട്ടില്ല. 20 മാര്‍ക്കാണ് നിരന്തര മൂല്യനിര്‍ണത്തിനുള്ളത്.
പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരിക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ജനുവരിയില്‍ റിവിഷന്‍ തുടങ്ങണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനുശേഷം പൊതുപരീക്ഷയിലേക്ക് കടക്കാനാണ് നീക്കം. എന്നാല്‍ മൂല്യനിര്‍ണയത്തിലെ ഏറ്റവും നിര്‍ണായകമായ നിരന്തരമൂല്യ നിര്‍ണയം പ്രതിസന്ധിയിലാണ്. കുട്ടികള്‍ക്കുള്ള ക്ലാസിനൊപ്പമാണ് നിരന്തരമൂല്യനിര്‍ണയവും നടക്കേണ്ടത്. കുട്ടികള്‍ക്ക് നല്‍കുന്ന ക്ലാസ് ടെസ്റ്റുകള്‍, പ്രോജക്ടുകള്‍, സെമിനാറുകള്‍, പാഠഭാഗം ഗ്രഹിക്കാനുള്ള ശേഷി എന്നിവ കണക്കിലെടുത്താണ് നിരന്തര മൂല്യനിര്‍ണയം നടത്തേണ്ടത്. എന്നാല്‍ കൊവിഡ് കാരണം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയതോടെ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നിരന്തരമൂല്യനിര്‍ണയം നടത്താന്‍ കഴിയാതെ വന്നു. സര്‍ക്കാര്‍ ഇതില്‍ വ്യക്തത വരുത്താന്‍ തയാറായിട്ടുമില്ല.
നിരന്തര മൂല്യനിര്‍ണയത്തില്‍ ഒരു വിഷയത്തിനു 20 ശതമാനമാണ് മാര്‍ക്ക്. ഇതിനൊപ്പം പത്ത് മാര്‍ക്ക് കൂടി ലഭിച്ചാല്‍ ഒരു വിഷയത്തില്‍ വിജയിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയശതമാനം ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതും നിരന്തരമൂല്യനിര്‍ണയമായിരുന്നു. ഇതു ശാസ്ത്രീയമാക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല.
No comments
Post a Comment