Header Ads

  • Breaking News

    ഈന്തപ്പഴത്തില്‍ ‘സ്വര്‍ണക്കുരു’; 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി; സ്വർണ്ണക്കടത്തിന്റെ കണ്ണിയായി കേരളം?

    കൊച്ചി: യുഎഇയില്‍ നിന്ന് കൊണ്ടുവന്ന ഈന്തപ്പഴത്തില്‍ ‘സ്വര്‍ണക്കുരു’. 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം നടത്തിയ കേസില്‍ കസ്റ്റംസ് അന്വേഷണം പുതിയ തലത്തില്‍. യുഎഇയില്‍നിന്ന് കേരളത്തിലെത്തിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പു വഴിയാണ് ഈന്തപ്പഴം വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തത്.

    എന്നാൽ ജനുവരി രണ്ടിന് കോഴിക്കോട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയത് കണ്ടെത്തിയത്. ദുബായിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് ഈന്തപ്പഴത്തില്‍ കുരുവിന്റെ രൂപത്തില്‍ സൂക്ഷിച്ച സ്വര്‍ണം പിടിച്ചു. ആദ്യം സ്‌കാനിങ് വേളയില്‍ ഇത് കണ്ടെത്തിയില്ല. എന്നാല്‍ സ്വര്‍ണം ഉണ്ടെന്ന കാര്യം ബോധ്യപ്പെട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ആദ്യം ചോക്ലേറ്റ് പാക്കറ്റിലെ സ്വര്‍ണം കണ്ടെത്തി. ആവര്‍ത്തിച്ച പരിശോധനകളിലും സ്‌കാനിങ്ങിലുമാണ് ഈന്തപ്പഴത്തിലെ സ്വര്‍ണക്കുരു കണ്ടെത്തിയത്. ഇതോടെ 17,000 കിലോ ഈന്തപ്പഴത്തിനു പിന്നിലെ ‘ജീവകാരുണ്യം’ കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനും വിധേയമാക്കാന്‍ അടിയന്തരമായി കസ്റ്റംസ് തീരുമാനിച്ചു.


    കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത് 90 ഗ്രാം സ്വര്‍ണക്കുരു മാത്രം. ഇങ്ങനെ സ്വര്‍ണം കടത്താന്‍ സാധിക്കുമോ എന്ന് ചെറിയതോതില്‍, സ്വര്‍ണക്കാരിയര്‍മാര്‍ വഴി കൊടുത്തുവിടുന്നവര്‍ നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. 17,000 കിലോ ഈന്തപ്പഴത്തില്‍ ഇത് നടപ്പാക്കിയിട്ടുണ്ടാവുമെന്നാണ് അവര്‍ കരുതുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ആവശ്യങ്ങള്‍ക്കായി 2017ല്‍ ഈന്തപ്പഴം കൊണ്ടുവന്നുവെന്നാണ് രേഖ. കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച്‌, അവിടന്ന് കോണ്‍സുലേറ്റിലെത്തിച്ചു. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പേരില്‍ ഇതില്‍ ഒരു ഭാഗം സ്വകാര്യ സ്ഥാപനങ്ങളിലും വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി. ഈ കാര്യങ്ങള്‍ സാമൂഹ്യക്ഷേമ മന്ത്രി കെ.ടി. ജലീലും വകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്റെ നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച മറ്റൊരു മന്ത്രിയും ഈന്തപ്പഴം കൈപ്പറ്റിയിട്ടുണ്ട്.

    സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അതിനു മുമ്പ്, ഈന്തപ്പഴം കിട്ടിയവരില്‍നിന്ന് വിശദാംശങ്ങള്‍ തേടും. കൊച്ചിയില്‍ കണ്ടെയ്‌നറില്‍ വന്ന ഈന്തപ്പഴം തിരുവനന്തപുരത്ത് കവടിയാറില്‍ ഒരു കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. അവിടെ നടന്ന ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. 2020 ഒക്‌ടോബറില്‍ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവര പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഈന്തപ്പഴവും വടക്കന്‍ ജില്ലകളില്‍ മതഗ്രന്ഥവും ആണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ വാഹനത്തിലും ചരക്കുകള്‍ കടത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad