മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയില്‍ വില്‍പ്പന ; ഒരേ കടയില്‍ 2 തവണ കയറിയതോടെ യുവാവ് കുടുങ്ങി
തിരുവനന്തപുരം : മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയില്‍ വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. അണ്ടൂര്‍ക്കോണം പായ്ച്ചിറ പണ്ടാര വിളവീട്ടില്‍ ഷിബു (43) ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചിരുന്നത്. ഒരേ കടയില്‍ തന്നെ രണ്ട് തവണ കയറിയതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.
പോത്തന്‍കോട് വാവറയമ്പലം ജംഗ്ഷനില്‍ ബാലാജി വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്‌സ് കടയിലാണ് ഇയാള്‍ രണ്ട് തവണ മോഷണത്തിന് കയറിയത്. ഇതോടെ കടയുടമ വാവറയമ്പലം കുന്നുംപുറത്ത് വീട്ടില്‍ ബൈജുകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടാം വട്ടം മോഷണത്തിനു കയറിയപ്പോള്‍ ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.
സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയില്‍ മോഷണം നടന്നിട്ടുള്ളതായി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബൈജുകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റു മോഷണങ്ങളില്‍ ഷിബുവിനു പങ്കുണ്ടോയെന്ന വിവരവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
No comments
Post a Comment