Header Ads

  • Breaking News

    5 വയസുകാരനെ ബൈക്ക് ഓടിക്കാന്‍ പരിശീലിപ്പിച്ചു ; പിതാവിന് പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്



    പെരിന്തല്‍മണ്ണ : 

    അഞ്ച് വയസുകാരനെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പരിശീലിപ്പിച്ച പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് പെരിന്തല്‍മണ്ണ ജോയന്റ് ആര്‍.ടി.ഒ.സി.യു മുജീബ് സസ്‌പെന്‍ഡ് ചെയ്തത്. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

    ഡിസംബര്‍ 31-ന് രാവിലെ മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റൂട്ടില്‍ കാപ്പ് മുതല്‍ തേലക്കാട് വരെ അഞ്ച് വയസുകാരനെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന ഇയാളുടെ വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. ഈ ദൃശ്യം തെളിവായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് പരാതിയില്‍ ജോയന്റ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശ പ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.


    വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദാണെന്നും ഉപയോഗിച്ചിരുന്ന വാഹനം കെ.എല്‍. 53 എഫ് 785 നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അബ്ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടെയുണ്ടായിരുന്നത് മകനാണെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad