മാതാപിതാക്കള്‍ക്ക് പ്രയാസങ്ങളുണ്ടാക്കരുത്; ആദ്യ ദിവസം 9 പരാതികള്‍ തീര്‍പ്പാക്കി വനിത കമ്മീഷൻ
കൊല്ലം: സംസ്ഥാനത്ത് സ്വത്ത് തര്‍ക്കങ്ങളിലൂടെ മക്കള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രക്തബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മക്കള്‍ നടത്തുന്ന തര്‍ക്കങ്ങള്‍ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് വളരെയധികം മാനസിക പിരിമുറുക്കമാണുണ്ടാക്കുന്നത്. ജവഹര്‍ ബാലഭവനില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ പരിഹരിക്കവേയാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള അപകീര്‍ത്തിപ്പെടുത്തല്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
എന്നാൽ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കെട്ടിച്ചമച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും പരാതി നല്‍കിയ ശേഷം അദാലത്തില്‍ ഹാജരാകാതിരിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ പറഞ്ഞു. ജവഹര്‍ ബാലഭവനില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അദാലത്തിന്റെ ആദ്യ ദിവസം ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. 72 പരാതികളാണ് പരിഗണിച്ചത്. അഞ്ച് പരാതികള്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീര്‍പ്പാക്കും. 52 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
കുടുംബ പ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കം, സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള പരാതികളാണ് അദാലത്തില്‍ പ്രധാനമായും പരിഗണിച്ചത്.കമ്മീഷന്‍ അംഗങ്ങളായ ഡോ ഷാഹിദ കമാല്‍, ഷിജി ശിവജി, എം എസ് താര, കമ്മീഷന്‍ സി ഐ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment