മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ് ; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
തിരുവനന്തപുരം : മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇന്റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം.
ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാര്‍, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജന്‍, ഡിവൈഎസ്പിമാരായ പി വിക്രമന്‍, കെ ആര്‍ ബിജു, പി അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
No comments
Post a Comment